ഇറാൻ-യുഎസ് ചർച്ച ശുഭകരം

മസ്കറ്റ്: ആണവവിഷയത്തിൽ ഇറാനും അമേരിക്കയും ഒമാനിൽ നടത്തിയ പ്രാഥമിക ചർച്ച ഫലപ്രദം. അടുത്ത ശനിയാഴ്ച തുടർ ചർച്ചയുണ്ടാകുമെന്ന് ഇരു രാജ്യങ്ങളും സൂചിപ്പിച്ചു. ഭാവിചർച്ചയ്ക്കുള്ള അടിസ്ഥാനം രൂപപ്പെടുത്തുന്നതിലാണ് ഒമാനിൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഇറേനിയിൻ സംഘത്തെ നയിച്ച വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ചർച്ച തുടരാൻ ഇരുഭാഗവും ധാരണയായിട്ടുണ്ട്. ചർച്ചകൾ നീട്ടിക്കൊണ്ടുപോകാൻ താത്പര്യമില്ല. ചുരുങ്ങിയ സമത്തിനുള്ളിൽ കരാറുണ്ടാക്കാനാണു നീക്കമെന്ന് അരാഗ്ചി കൂട്ടിച്ചേർത്തു. വിഷയം സങ്കീർണമാണെന്നും ഇരു വിഭാഗത്തിനും ഗുണകരമായ ധാരണ ഉണ്ടാക്കാനാണു ശ്രമമെന്നും വൈറ്റ്ഹൗസ് പ്രതികരിച്ചു. ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ട്രംപാണ് ചർച്ചയ്ക്കു മുൻകൈയെടുത്തത്. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് അമേരിക്കൻ സംഘത്തെ ഒമാനിൽ നയിച്ചത്. ശനിയാഴ്ച വിറ്റ്കോഫും അരാഗ്ചിയും ഒമാനിലെ മധ്യസ്ഥരുടെ സഹായത്തോടെ രണ്ടര മണിക്കൂർ പരോക്ഷ ചർച്ചയാണു നടത്തിയത്. തുടർന്ന് ഏതാനും മിനിറ്റുകൾ മുഖാമുഖം സംസാരിച്ചുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ആണവപദ്ധതികൾ പരിമിതപ്പെടുത്തുന്നതിനു പകരമായി ഇറാനെതിരായ ഉപരോധങ്ങൾ ലഘൂകരിക്കാമെന്ന വാഗ്ദാനമാണ് ചർച്ചയിൽ അമേരിക്കൻ നേതൃത്വം നല്കിയതെന്ന് ഒമാൻ വൃത്തങ്ങൾ സൂചിപ്പിച്ചു. പശ്ചിമേഷ്യാ സംഘർഷം ലഘൂകരിക്കൽ, തടവുകാരുടെ കൈമാറ്റം എന്നീ വിഷയങ്ങളും ചർച്ചയായി.
Source link