KERALAMLATEST NEWS

തദ്ദേശവകുപ്പിൽ പെൻഷൻ തട്ടുന്നവർ കാണാമറയത്ത്

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥരെ കൈയോടെ പൊക്കിയെങ്കിലും ഇനിയും കണ്ടെത്താനാകാത്തവർ നിരവധി. തദ്ദേശവകുപ്പിലെ ആയിരത്തോളം ജീവനക്കാർ ഇപ്പോഴും അനധികൃത പെൻഷൻ കൈപ്പറ്രുന്നുണ്ട്. തനത് ഫണ്ടിൽ നിന്നു നേരിട്ട് ശമ്പളം വാങ്ങുന്നവരായതിനാൽ പിടിക്കപ്പെടില്ലെന്നാണ് ഇവർ കരുതുന്നത്.

സർക്കാർ ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യുന്ന സ്‌പാർക്കും സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ചെയ്യുന്ന സേവന സോഫ്റ്റുവെയറും തമ്മിൽ ബന്ധിപ്പിച്ചാണ് അനധികൃതമായി പെൻഷൻ വാങ്ങുന്നവരെ സർക്കാർ കണ്ടെത്തിയത്. തനത് ഫണ്ടിൽനിന്ന് ശമ്പളം വാങ്ങുന്ന മുനിസിപ്പാലിറ്റി,കോർപ്പറേഷൻ,പഞ്ചായത്ത് എന്നിവിടങ്ങളിലെ ജീവനക്കാർക്ക് സ്‌പാർക്കുമായി ബന്ധമില്ല. മറ്റു വകുപ്പുകളിൽ ട്രഷറിവഴിയാണ് ശമ്പളം നൽകുന്നത്. തദ്ദേശസ്ഥാപനങ്ങളിൽ തനത് ഫണ്ടിൽ നിന്ന് ചെക്ക് മുഖേനയും. സാമൂഹ്യസുരക്ഷ പെൻഷനുകൾ വിതരണം ചെയ്യുന്നതും തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ്. അതിനാൽ,​ ഈ വകുപ്പിലുള്ളവർക്ക് ഇതിന്റെ പഴുതുകളും അറിയാം.

വിവിധ വകുപ്പുകളിൽ ജോലിചെയ്യുന്നവരിൽ അനധികൃതമായി പെൻഷൻ കൈപ്പറ്റുന്നവരുടെ പട്ടിക പുറത്തുവന്നിരുന്നു. എന്നാൽ,​ തദ്ദേശവകുപ്പിലുള്ളവർ ഇക്കൂട്ടത്തിൽ ഉൾപ്പെട്ടില്ല. യഥാസമയം മസ്റ്ററിംഗ് നടത്തി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഇവർ ഇപ്പോഴും പെൻഷൻ കൈപ്പറ്റുന്നു. ക്ലറിക്കൽ ജീവനക്കാർ മുതൽ താഴോട്ടുള്ളവരാണിവർ. തദ്ദേശസ്ഥാപനങ്ങളിൽ ഈ വിഭാഗത്തിൽ പതിനായിരത്തിലധികം ജീവനക്കാരുണ്ട്. അതിൽ ആയിരത്തോളം പേരാണ് അനധികൃത പെൻഷൻ കൈക്കലാക്കുന്നതായി അറിയുന്നത്.

ഭിന്നശേഷി,വിധവാപെൻഷനുകളാണ് ഇത്തരത്തിൽ കൈപ്പറ്റുന്നത്. പെൻഷൻ വാങ്ങികൊണ്ടിരിക്കെ ജോലി ലഭിച്ചവരാണിവർ. ജോലി ലഭിക്കുമ്പോൾ ക്ഷേമ പെൻഷൻ വേണ്ടെന്ന് രേഖാമൂലം എഴുതി നൽകേണ്ടതുണ്ട്. അല്ലെങ്കിൽ,​ തദ്ദേശസ്ഥാപനങ്ങളിലെ മേധാവിമാർ ഇക്കാര്യം കണ്ടെത്തി സാമൂഹ്യസുരക്ഷ പെൻഷൻ ലിസ്റ്റിൽ നിന്ന് അവരെ ഒഴിവാക്കണം. അതും നടക്കാറില്ലെന്നാണറിയുന്നത്.

നേരത്തെ കണ്ടെത്തിയത് 1458 പേരെ

1458സർക്കാർ ജീവനക്കാർ സാമൂഹികസുരക്ഷ പെൻഷൻ കൈപ്പറ്റുന്നതായാണ് നേരത്തെ കണ്ടെത്തിയത്. ഇവരിൽനിന്ന് 18ശതമാനം പലിശയോടെ തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ- 373. റവന്യു വകുപ്പിൽ കണ്ടെത്തിയ 38പേരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ 16പേർ പലിശസഹിതം പണം തിരിച്ചടച്ചു. ഇവരുടെ സസ്‌പെൻഷനും പിൻവലിച്ചു.


Source link

Related Articles

Back to top button