KERALAM

കെ.എസ്.ആർ.ടി.സി റൂട്ടുകളിലേക്ക് സ്വകാര്യബസുകളുടെ കടന്നു കയറ്റം

കോവളം സതീഷ്‌കുമാർ | Monday 14 April, 2025 | 12:05 AM

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര റൂട്ടുകളിലേക്ക് കടന്നു കയറാനുള്ള ‘സുവർണാവസരം’ സ്വകാര്യബസുടമകൾ മുതലാക്കുമ്പോൾ കാഴ്ചക്കാരുടെ റോളിലാണ് ഗതാഗതവകുപ്പ്.

ദീർഘദൂര റോഡുകളിൽ കെ.എസ്.ആർ.ടി.സിക്ക് മാത്രം സർക്കാർ നൽകിയിരുന്ന സർവിസ് അധികാരം ഹൈക്കോടതി റദ്ദാക്കിയതാണ് കടുത്ത പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിച്ചത്. സ്‌കീം തയ്യാറാക്കുന്നതിൽ ഗതാഗത വകുപ്പിനുണ്ടായ പാളിച്ചയാണ് കോടതി നടപടികൾക്ക് കാരണം.

അനുകൂലമായി മുമ്പ് ലഭിച്ച സുപ്രീംകോടതി ഉത്തരവുകളടക്കം കോടതിയിൽ ചൂണ്ടിക്കാട്ടുന്നതിൽ സർക്കാർ പരാജയപ്പെടുകയും ചെയ്തു. 31 സംരക്ഷിത റൂട്ടുകളിലെ 1700 സൂപ്പർക്ലാസ് സർവീസുകളിൽ നിന്നുള്ള വരുമാനമാണ് കെ.എസ്.ആർ.ടി.സിയെ നിലനിറുത്തുന്നത്.
കോടതിവിധിയോടെ, കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവീസ് അധികാരമുള്ള സുപ്രധാനമായ 31 റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് യഥേഷ്ടം ഓടാനുള്ള അനുമതി ലഭിക്കും. കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത 241 റൂട്ടുകളിലേക്ക് തിരിച്ചെത്താനും സ്വകാര്യ ബസുകൾക്ക് സാധിക്കും.

കോർപറേഷന്റെ പ്രധാന വരുമാനമാർഗ്ഗമായ 95 ശതമാനം സൂപ്പർക്ലാസ് ബസുകളും 31 സംരക്ഷിത പാതകളിലാണ്. പൊതുമേഖലയ്ക്ക് മുൻഗണന നൽകാൻ സർക്കാരിന് വിവേചനാധികാരമുണ്ടെന്ന നിലപാട് സുപ്രീംകോടതിവരെ ശരിവച്ചെങ്കിലും അതുപ്രകാരം സ്കീം തയ്യാറാക്കാൻ 15 വർഷം കഴിഞ്ഞിട്ടും ഗതാഗതവകുപ്പിന് കഴിയാത്തതാണ് ഗുരുതര പ്രതിസന്ധിയിലേക്ക് എത്തി‌ച്ചത്.

ഇപ്പോൾ പുതിയ സ്‌കീമിന്റെ മറവിൽ സ്വകാര്യബസുകൾക്ക് അനുകൂല വ്യവസ്ഥകൾ ഉൾപ്പെടുത്താൻ നീക്കം നടക്കുന്നെന്നാണ് ആക്ഷേപം.

മന്ത്രി മാറിയപ്പോൾ

കാര്യങ്ങൾ മാറി

കെ.ബി.ഗണേശ്‌കുമാർ വകുപ്പ് മന്ത്രിയായതിനുശേഷം സ്വകാര്യബസുകൾക്ക് അനുകൂലമാകുന്ന വിധത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ പരാതിപ്പെടുന്നുണ്ട്. കെ.എസ്.ആർ.ടി.സി സർവീസിന് തടസം സൃഷ്ടിച്ച് മന്ത്രി ബന്ധുവിന്റെ ബസ് സർവീസ് നടത്തുന്നുവെന്നും സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് യാത്രക്കാരെ കയറ്റുന്നുമെന്നുമാണ് പരാതികൾ. ഇതിനെതിരെ നിലപാട് എടുത്ത ഡി.ടി.ഒയെ സ്ഥലം മാറ്റിയെന്ന പരാതിയും ഉണ്ടായി.

ദീർഘദൂര സർവീസുകളിൽ കെ.എസ്.ആർ.ടി.സി നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപ്പർ ക്ലാസ് സർവീസുകളാണ്. എന്നാൽ സ്വകാര്യ ബസുകളുടേത് ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ്. കെ.എസ്.ആർ.സിയെക്കാളും ടിക്കറ്റ് നിരക്ക് സ്വകാര്യബസുകളിൽ കുറവായിരിക്കും.


Source link

Related Articles

Back to top button