പണമുണ്ടാക്കാൻ പലവഴി കുറ്റകൃത്യം ചെയ്യുന്ന കുട്ടികളിൽ വർദ്ധന

കോഴിക്കോട്: എളുപ്പം പണമുണ്ടാക്കാനും അടിച്ചുപൊളിക്കാനുമായി കുറ്റകൃത്യങ്ങളിലേർപ്പെടുന്ന കുട്ടികളിൽ വർദ്ധന. വനിതാ ശിശുവികസന വകുപ്പും പൊലീസും എക്സെെസും നടത്തിയ കണക്കെടുപ്പിലാണ് വിവരം. പണത്തിനായി വധശ്രമം നടത്തിയവരുമുണ്ട്. ലഹരിക്കടത്ത് നടത്തുന്ന കുട്ടികളും ഏറെ.
പഠനകാലത്തുതന്നെ പണമുണ്ടാക്കാമെന്ന പല സോഷ്യൽ മീഡിയ പ്രചാരണങ്ങളും കുട്ടികളെ വഴിതെറ്റിക്കുന്നതായാണ് കണ്ടെത്തൽ.
ലഹരി ഉപയോഗിക്കുന്ന കുട്ടികളിൽ കുറ്റകൃത്യത്തിന്റെ എണ്ണം കൂടുതലാണ്. ഗുരുതരമായ കുറ്റമാണെങ്കിൽ മാത്രമേ പൊലീസ് കേസെടുക്കാറുള്ളൂ. തിരുത്താൻ അവസരം നൽകുകയാണ് പതിവ്. ഗ്രാമത്തിലാണ് കുറ്റകൃത്യം കൂടുതൽ. വനിതാ ശിശുവികസന വകുപ്പിന്റെ കാവൽ പദ്ധതി പ്രകാരം 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ കുറ്റകൃത്യങ്ങളിലേർപ്പെട്ട 2,274 കുട്ടികൾ കൗൺസലിംഗിനെത്തി. ഇതിൽ 96 വധശ്രമക്കേസുകളും 779 പോക്സോ കേസുകളും. ലഹരിക്കേസ് 108. മോഷണം 611. 2,248 പേർ ആൺകുട്ടികളും 26 പേർ പെൺകുട്ടികളുമാണ്. നഗരത്തിലുള്ളവർ 415, ഗ്രാമത്തിൽ 1,594.
കൂട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് പലരും ലഹരി ഉപയോഗം തുടങ്ങുന്നത്. 79 ശതമാനം പേർക്കും സുഹൃത്തുക്കളിൽ നിന്നാണ് ആദ്യമായി ലഹരി കിട്ടുന്നത്. എക്സൈസ് സർവേ പ്രകാരം 78 ശതമാനം ലഹരി എന്താണെന്നറിയാൻ ഉപയോഗിച്ചുതുടങ്ങിയവരാണ്. സന്തോഷം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് 51.5 ശതമാനം കുട്ടികൾ കുരുക്കിലായത്.
വിമുക്തിയിൽ ചികത്സിച്ചവർ
(18 വയസിൽ താഴെ)
2022…. 1,238
2023…. 1,982
2024…. 2,880
ലഹരിക്കടത്ത്, ഉപയോഗം
(വർഷം, പിടിയിലായ കുട്ടികൾ)
2022…. 40
2023…. 39
2024…. 55
2025…. 36
(ഫെബ്രുവരി വരെ)
വഴിതെറ്റിയ കുട്ടികളെ മോശക്കാരായി ചിത്രീകരിക്കരുത്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ശ്രമമുണ്ടാകണം. പുതിയതലമുറ മോശക്കാരാണെന്ന മുൻവിധിയും ശരിയല്ല.
– അഷ്റഫ് കാവിൽ
മുൻ അസി. ഡയറക്ടർ
സാമൂഹ്യനീതി വകുപ്പ്
Source link