വി.എസിന് സമ്മാനമായി ജനകീയ ലാബ് ഉദ്ഘാടനത്തിന് മന്ത്രി എത്തിയില്ല, സി.പി.എം എതിർപ്പെന്ന് ആക്ഷേപം

ആലപ്പുഴ: വി.എസ്. അച്യുതാനന്ദന് പിറന്നാൾ സമ്മാനമായി മുൻ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ നേതൃത്വത്തിൽ മുഹമ്മ പുല്ലമ്പാറയിൽ ആരംഭിച്ച ജനകീയ ലാബിന്റെ ഉദ്ഘാടനത്തിന് മന്ത്രി പി. പ്രസാദ് എത്താതിരുന്നത് വിവാദത്തിൽ. സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പാണ് മന്ത്രിയുടെ പിൻമാറ്റത്തിന് കാരണമെന്നാണ് ആക്ഷേപം. മന്ത്രിയുടെ അസാന്നിദ്ധ്യത്തിൽ കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം നിർവഹിച്ചു.
വി.എസിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഡ്വ. ലതിഷ് ബി.ചന്ദ്രൻ, പി.കൃഷ്ണപിള്ള സ്മാരകം കത്തിച്ചെന്ന ആരോപണത്തെത്തുടർന്ന് പാർട്ടിക്ക് പുറത്താണ്. സ്വന്തം പെൻഷൻ തുകയിൽ നിന്ന് മിച്ചം പിടിച്ചാണ് ലതീഷ് ലാബ് യാഥാർത്ഥ്യമാക്കിയത്. ഉദ്ഘാടന സമയമായിട്ടും മന്ത്രിയെ കാണാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ, പരിപാടിക്ക് എത്തരുതെന്ന് പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെ വിലക്കുണ്ടെന്ന് മന്ത്രിയുടെ അടുത്ത വൃത്തങ്ങളിൽ നിന്ന് മനസിലാക്കിയതായി സംഘാടകർ പറഞ്ഞു. അതേസമയം, ഞായറാഴ്ചയായതിനാൽ ധാരാളം പരിപാടികളുണ്ടായിരുന്നതിനാലാണ് എത്താൻ സാധിക്കാത്തതെന്നാണ് മന്ത്രിയുടെ വിശദീകരണം.
മന്ത്രിയുടെ സൗകര്യം പരിഗണിച്ചാണ് ഉദ്ഘാടനം നിശ്ചയിച്ചതെന്നും എത്താൻ സാധിക്കില്ലെന്ന വിവരം അറിയിച്ചില്ലെന്നും സംഘാടകർ പറയുന്നു. ജനപക്ഷ നിലപാടുകളിലൂടെ ജനമനസിൽ ഇടം നേടാൻ കഴിഞ്ഞയാളാണ് വി.എസ്. അച്യുതാനന്ദനെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു.
Source link