കോളജ് വിദ്യാർഥികളെക്കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്കെതിരെ ഡിഎംകെ

ചെന്നൈ∙ കോളജ് വിദ്യാർഥികളോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ. മധുരയിലെ സ്വകാര്യ എൻജിനീയറിങ് കോളജിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു മുഖ്യാതിഥിയായ ഗവർണർ വിദ്യാർഥികളോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെട്ടത്. പ്രസംഗത്തിൽ ഡിഎംകെയെയും സംസ്ഥാന സർക്കാരിനെയും ഗവർണർ രൂക്ഷമായി വിമർശിച്ചിരുന്നു. ഗവർണറുടെ പ്രവൃത്തി രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങൾക്കെതിരാണെന്നാരോപിച്ച് ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. ഗവർണർ മതനേതാവിനെപ്പോലെ പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എംഎൽഎ ആസാൻ മൗലാനയും രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകൾ തടഞ്ഞുവച്ച ഗവർണറുടെ നടപടിയെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ തമിഴ്നാട് സർക്കാർ ബില്ലുകൾ നിയമമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആർ.എൻ.രവിയുടെ നടപടി പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.
Source link