LIVE ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ഓശാന ശുശ്രൂഷകൾ; വിശുദ്ധവാരാചരണത്തിനു തുടക്കം

കൊച്ചി ∙ എളിമയുടെയും സഹനത്തിന്റെയും ആത്മവിശുദ്ധിയുടെയും ദേവൻ കഴുതപ്പുറമേറി ജറുസലം നഗരത്തിലേക്ക് എഴുന്നള്ളിയതിന്റെ സ്മരണകളിൽ ക്രൈസ്തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആഘോഷിക്കുന്നു. യേശുദേവനെ ഒലിവ് മരച്ചില്ലകൾ വീശി ജറുസലേമിൽ ജനസമൂഹം വരവേറ്റതിന്റെ ഓർമ പുതുക്കുന്ന കുരുത്തോലപ്പെരുന്നാൾ ദിനത്തിൽ വിവിധ ക്രിസ്തീയ ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകൾ നടക്കുകയാണ്.സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ 6.30നാണ് ശുശ്രൂഷകൾ ആരംഭിച്ചത്. എറണാകുളം സെന്‍റ്. ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന ഓശാന ശുശ്രൂഷകളില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യ കാർമികത്വം വഹിച്ചു. പഴമ്പിള്ളിച്ചാല്‍ സെന്റ്. മേരീസ് പള്ളിയില്‍ രാവിലെ ഏഴിന് നടന്ന ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുഖ്യ കാർമികനായി. ഫോർട്ട്കൊച്ചി സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്കയിൽ രാവിലെ ഏഴിന് ആഘോഷമായ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ദിവ്യബലി തുടങ്ങിയവയും നടന്നു. പാളയം സെന്റ്. ജോസഫ് കത്തീഡ്രലിൽ ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ നേതൃത്വം നൽകി. പട്ടം സെന്റ്.മേരീസ് കത്തീഡ്രലിൽ ഓശാന ശുശ്രൂഷകൾക്ക് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു.
Source link