വിഷു ആഘോഷിക്കാൻ ശമ്പളമില്ല; ഒന്നരമാസത്തെ വേതനം കിട്ടാതെ കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാർ

ആലപ്പുഴ∙ മുടങ്ങിയ ഒന്നര മാസത്തെ വേതനം വിഷുവിനെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയറ്റ് കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാർ. 3 മാസത്തെ വേതനത്തിൽ ഫെബ്രുവരി 16 മുതൽ 28 വരെയുള്ളത് അടുത്തിടെ നൽകിയിരുന്നു. അതിനു ശേഷം ഒന്നര മാസത്തോളമുള്ള വേതനമാണു കിട്ടാനുള്ളത്.ദിവസേന ലഭിച്ചിരുന്ന വേതനമാണ് മുടങ്ങി ഇത്രയും നീളുന്നത്. പരാതി ഉയർന്നപ്പോൾ മൂന്നിലൊന്നു മാത്രം നൽകി. സ്ഥിരം ജീവനക്കാർക്കു കൃത്യമായി ശമ്പളം ലഭിച്ചു തുടങ്ങിയിട്ടും താൽക്കാലിക ജീവനക്കാരെ അവഗണിക്കുന്നെന്ന് ആക്ഷേപമുണ്ട്. വേതനത്തിന്റെ കാര്യം അന്വേഷിക്കാൻ അധികൃതരെ വിളിച്ചാൽ കൃത്യമായ മറുപടി പോലുമില്ലെന്ന് പറയുന്നു. വേതനം മാത്രമല്ല കലക്‌ഷൻ ബാറ്റയും ഡ്യൂട്ടി സറണ്ടർ ആനുകൂല്യവും മുടങ്ങി.കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്, ടിക്കറ്റ് ആൻഡ് കാഷ് വിഭാഗങ്ങളിലാണു താൽക്കാലിക ജീവനക്കാരുള്ളത്. സംസ്ഥാനത്ത് ഇങ്ങനെ മൂവായിരത്തിലേറെപ്പേരുണ്ട്. ദിവസം 8 മണിക്കൂർ ജോലിക്ക് 715 രൂപയാണു വേതനം. മിക്കവരും 10 വർഷത്തിലേറെയായി ജോലി ചെയ്യുന്നു.
Source link