ഗുരുവായൂരിൽ കണി കാണാൻ പതിനായിരങ്ങൾ

ഗുരുവായൂർ: വിഷുപ്പുലരിയിൽ ഗുരുവായൂരിൽ കണ്ണനെ കണി കാണാൻ പതിനായിരങ്ങളെത്തി. പുലർച്ചെ 2.45 മുതൽ 3.45 വരെയാണ് ദർശനം. ഇന്നലെ രാത്രി തൃപ്പുകയ്ക്ക് ശേഷം ശാന്തിയേറ്റ കീഴ്ശാന്തി കണിയൊരുക്കി. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണ് കണിയൊരുക്കിയത്. വിഷുക്കണി ദർശനത്തിനായുള്ള ഭക്തരുടെ നീണ്ടനിര ഇന്നലെ വൈകിട്ടോടെ ക്ഷേത്ര സന്നിധിയിൽ രൂപപ്പെട്ടു.
ഓട്ടുരുളിയിൽ ഉണക്കലരി, നാളികേരം, ചക്ക, മാമ്പഴം, വെള്ളരി, മുല്ലപ്പൂവ്, ഗ്രന്ഥം, വാൽക്കണ്ണാടി, സ്വർണം, പുതുപ്പണം, അലക്കിയ മുണ്ട്, കണിക്കൊന്ന തുടങ്ങിയവയാണ് കണികാണാൻ ഒരുക്കുക. അലങ്കാരത്തോടെയുള്ള സ്വർണത്തിടമ്പ് പൊൻപീഠത്തിലും വയ്ക്കും. ശ്രീകോവിലിന് പുറത്ത് നമസ്‌കാര മണ്ഡപത്തിലും കണി ഒരുക്കിയിട്ടുണ്ട്.
പീതാംബര പട്ടണിഞ്ഞ് ഓടക്കുഴലുമായി പുഞ്ചിരി തൂകി നിൽക്കുന്ന കണ്ണനെയും സ്വർണസിംഹാസനത്തിലെ ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പും ഓട്ടുരുളിയിലെ കണിയും കണ്ട് ഭക്തരുടെ മനം നിറയും. വിഷുക്കണി ദർശനം അവസാനിച്ച ശേഷം വാകച്ചാർത്തും അഭിഷേകവുമടക്കമുള്ള പതിവ് പൂജയാരംഭിക്കും.
കാളൻ, എരിശ്ശേരി, വറുത്തുപ്പേരി, ഇടിച്ചുപിഴിഞ്ഞ പായസം തുടങ്ങിയ വിഭവങ്ങളോടെ ഭഗവാന് നമസ്‌കാര സദ്യയുമുണ്ടാകും. ലണ്ടനിലെ വ്യവസായിയും ഗുരുവായൂർ സ്വദേശിയുമായ അന്തരിച്ച തെക്കുമുറി ഹരിദാസിന്റെ കുടുംബത്തിന്റെ വകയാണ് വിഷുനാളിലെ വിളക്കാഘോഷം.
Source link