LATEST NEWS

Vishu @ Guruvayur ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം; സ്വർണ സിംഹാസനത്തിൽ കണ്ണന്റെ തങ്കത്തിടമ്പും കണിക്കോപ്പുകളും, വിഷുക്കണിക്ക് ഒരുങ്ങി ഗുരുവായൂർ


തൃശൂർ∙ മേടപ്പുലരിയിൽ കണ്ണനെ കണികാണാന്‍ ഗുരുവായൂർ അമ്പലനടയിലേക്ക് ഭക്തരുടെ ഒഴുക്ക്. വിഷുപുലരിൽ ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വിഷു– ഈസ്റ്റർ അവധി പ്രമാണിച്ച് 12–ാം തീയതി മുതൽ 20–ാം തീയതി വരെ ക്ഷേത്രത്തിൽ ദർശനത്തിനു നിയന്ത്രണമുണ്ട്. ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയാണ് ഗുരുവായൂരിലെ വിഷു കണി ദർശനം. ഇന്ന് രാത്രി മുതൽ കണ്ണനെ കാണാൻ ആളുകൾ വരിയിൽ ഇടംപിടിക്കും.രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി ദർശനം, സ്പെഷൽ ദർശനം എന്നിവ അനുവദിക്കില്ല. കണ്ണനെ കാണാൻ ക്യൂ നിൽക്കുന്നവർ‍ക്കാണ് പ്രഥമ പരിഗണന. 11 മണി വരെ ക്യൂ നിൽക്കുന്നവർക്കാണ് ദർശനത്തിനു അവസരമുണ്ടാകുക. പുലർച്ചെ മൂന്നിനു നിർമാല്യത്തോടെ തുറക്കുന്ന നട ഉച്ചയ്ക്ക് രണ്ടു മണിക്ക് അടയ്ക്കും. വൈകിട്ട് മൂന്നരയ്ക്ക് തുറക്കും. ശേഷം വൈകിട്ട് 6.15 വരെ ദർശനത്തിനു അവസരമുണ്ടാകും. ക്ഷേത്ര ശ്രീലകത്ത് ഇന്നു രാത്രി കീഴ്ശാന്തിക്കാർ ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, മുല്ലപ്പൂവ്, ചക്ക, മാങ്ങ, വാൽക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വർണം, നാണ്യം എന്നീ കണിക്കോപ്പുകൾ ഒരുക്കി വയ്ക്കും. ശ്രീലകത്ത് ഗുരുവായൂരപ്പന്റെ വലതു ഭാഗത്ത് ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിച്ച സ്വർണ സിംഹാസനത്തിൽ കണ്ണന്റെ തങ്കത്തിടമ്പും കണിക്കോപ്പുകളും ഭക്തർക്ക് കണി കാണാം. ശ്രീകോവിലിനു പുറത്ത് നമസ്കാര മണ്ഡപത്തിലും കണി ഒരുക്കുന്നുണ്ട്.


Source link

Related Articles

Back to top button