INDIA

എതിരാളികളെ നിമിഷ നേരം കൊണ്ട് ചുട്ട് ചാമ്പലാക്കും; ഇന്ത്യൻ സേനയുടെ ‘കുന്തമുന’, ലേസർ ആയുധം വികസിപ്പിച്ച് ഡിആർഡിഒ – വിഡിയോ


ഹൈദരാബാദ്∙ ഉന്നംപിടിച്ച് നിമിഷ നേരം കൊണ്ട് എതിരാളികളുടെ ആയുധങ്ങളെ ചുട്ട് ചാമ്പലാക്കുന്ന അത്യുഗ്ര ശേഷിയുള്ള ലേസർ അധിഷ്ഠിത ആയുധം വികസിപ്പിച്ച് ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). 30 കിലോവാട്ട് ശക്തിയുള്ള ലേസർ അധിഷ്ഠിത ആയുധമാണ് ഡിആർഡിഒ വികസിപ്പിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് എതിരാളികളുടെ വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയെ നിർവീര്യമാക്കാൻ സാധിക്കും. വൈകാതെ ഇന്ത്യൻ സേനകൾക്കും അർധസൈനിക വിഭാഗങ്ങൾക്കും ലേസർ ആയുധം എത്തിക്കുമെന്നാണ് ഡിആർഡിഒ അധികൃതർ അറിയിച്ചിരിക്കുന്നത്. ലേസർ അധിഷ്ഠിത ആയുധ ശേഷിയുള്ള ലോകത്തിലെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കാണ് നിലവിൽ ലേസർ അധിഷ്ഠിത ആയുധം ഉള്ളത്. ഇസ്രയേൽ ഇത്തരം ആയുധ സംവിധാനങ്ങളുടെ പണിപ്പുരയിലാണ്.ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ തുടങ്ങി അഞ്ച് കിലോമീറ്റർ പരിധിയിലുള്ള ഏതു വ്യോമ ഭീഷണികളെയും ലേസർ ആയുധം ഉപയോഗിച്ച് എതിരിടാൻ സാധിക്കും. ജാമിങ് കമ്മ്യൂണിക്കേഷൻ, സാറ്റലൈറ്റ് സിഗ്നലുകൾ എന്നിവയുൾപ്പെടെ വിപുലമായ ഇലക്ട്രോണിക് യുദ്ധ ശേഷികൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കരയിലും കടലിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. വായു, റെയിൽ, റോഡ്, കടൽ മാർഗങ്ങൾ വഴി വേഗത്തിൽ ആയുധത്തെ വിന്യസിക്കാൻ സാധിക്കുമെന്നും ഡിആർഡിഒ അറിയിച്ചു. 20 കിലോമീറ്റർ ദൂരപരിധിയിൽ എതിരാളികളുടെ ആയുധങ്ങളെ തകർക്കുന്ന ‘സൂര്യ’ എന്ന പ്രതിരോധ സംവിധാനവും ഡിആർഡിഒ വികസിപ്പിക്കുന്നുണ്ട്. 300 കിലോവാട്ട് ശേഷിയുള്ള ‘സൂര്യ’യും ലേസർ അധിഷ്ഠിത ആയുധ സംവിധാനമാണ്. 


Source link

Related Articles

Back to top button