Vishu Fireworks ലാത്തിരി പൂത്തിരി മത്താപ്പൂ, തരംഗം തീർത്ത് ‘മാർക്കോ’; വിപണി കീഴടക്കി ഹാലോവീനും ആൻക്രീ ബേർഡും

വിഷുക്കണിക്കും വിഷുസദ്യക്കുമൊപ്പം മലയാളിക്ക് പടക്കമില്ലാത്ത ആഘോഷമില്ല. തെക്കൻ കേരളത്തിൽ വിഷു ആഘോഷം കുറവാണെങ്കിലും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വിഷുക്കണിക്കും സദ്യക്കുമൊപ്പം തന്നെ പടക്കവും മുൻപന്തിയിലാണ്. മാജിക് ഷോ, നൈറ്റ് റെഡർ, വർണാജാൽ, കാറ്റ് കില്ലർ, ഹാലോവീൻ, ആൻക്രീ ബേർഡ് എന്നിങ്ങനെ വിഷുകാലത്ത് വിപണിലെത്തിയ പടക്കങ്ങളുടെ പേരുകളിലുമുണ്ട് കൗതുകം. കുട്ടികള്‍ക്ക് ഏറെ പ്രിയമുളള കമ്പിത്തിരിയിലുമുണ്ട് ഇത്തവണ പുതുമ. മാലപ്പടക്കം പൊട്ടുന്ന രീതിയിലുള്ള കമ്പിത്തിരിയാണ് ഇത്തവണത്തെ വിഷു വിപണയിലെ താരം. പടക്കം പൊട്ടുന്ന ഈ കമ്പിത്തിരിയിലെ തീപൊരി (സ്പാർക്ക്) ദേഹത്തായാൽ പൊള്ളില്ല എന്നതാണ് പ്രത്യേകത. പ്രേക്ഷക പ്രീതി നേടിയ മാർക്കോ, കാന്താര പോലുളള സിനിമകളുടെ പേരിലുള്ള പടക്കങ്ങളും ഇത്തവണ വിപണി കീഴടക്കി. ശബ്ദത്തിനപ്പുറം ആകാശത്ത് വർണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചൈനീസ് പടക്കങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ഹെലിക്കോപ്റ്റർ, ഡ്രോൺ എന്നീ പേരുകളിൽ അറിയപ്പെടുന്ന മൾട്ടി കളർ ഫ്ലവർ പോട്ടുകൾക്കും ഇത്തവണ ആവശ്യക്കാരേറെയാണെന്ന് വ്യാപാരികൾ പറയുന്നു. വിഷു കച്ചവടം പൊടിപൊടിക്കുന്നുവെന്നാണ് വിൽപനക്കാർ പറയുന്നത്. മത്താപ്പൂവ്, തറച്ചക്രം, കമ്പിത്തിരി എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. മൾട്ടി ഷോട്ട്സിനും സ്മോക്കേഴ്സിനും ആവശ്യക്കാരേറെ. എത്രത്തോളം പുതുമകൾ ഇറക്കിയാലും ആളുകൾക്ക് പ്രിയം മേശപ്പൂ, കമ്പിത്തിരി, ചക്രം, ലാത്തിരി, പൂത്തിരി എന്നിവയോടാണെന്ന് തൃശൂരിലെ എൻവീ സ്റ്റോഴ്സ് ഉടമ ചെറിയാച്ചൻ മനോരമ ഓൺലൈനോട് പറഞ്ഞു.
Source link