KERALAM

മുൻ ഗവൺമെന്റ് പ്ലീഡറും എൻഐഎ അഭിഭാഷകനുമായ പി ജി മനു മരിച്ചനിലയിൽ

കൊല്ലം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ കേരള ഹൈക്കോടതിയിലെ മുൻ ഗവ. പ്ലീഡർ പി ജി മനു മരിച്ച നിലയിൽ. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഡോ. വന്ദന കേസിൽ പ്രതിഭാഗത്തിനുവേണ്ടി ഹാജരാകാനാണ് ഇയാൾ കൊല്ലത്തെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മനു എൻഐഎ അഭിഭാഷകനും ആയിരുന്നു.

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സീനിയർ ഗവൺമെന്റ് പ്ലീഡർക്കെതിരായ കേസ്. 2018ൽ നടന്ന കേസുമായി ബന്ധപ്പെട്ട് 2023 ഒക്ടോബറിലാണ് പരാതിക്കാരി അഭിഭാഷകനെ കാണാനെത്തിയത്. പിന്നീട് പലപ്പോഴും യുവതിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പരാതിക്കാരിയുടെ വീട്ടിൽവച്ചും പീഡിപ്പിച്ചതായാണ് പരാതി. അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ മനു മറ്റൊരു യുവതിയെ പീ‌ഡിപ്പിച്ചതായും പരാതി ഉയർന്നിരുന്നു. ഇതോടെ ഇയാൾ കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

എന്നാൽ പരാതിക്കാരി ആരോപിക്കുന്ന തരത്തിലുള്ള പെരുമാറ്റം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും തൊഴിൽരംഗത്തെ എതിരാളികളുടെ കരുതിക്കൂട്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ് കേസെന്നുമായിരുന്നു അഡ്വ. മനുവിന്റെ വാദം. റൂറൽ എസ് പിക്ക് ലഭിച്ച പരാതിയിലാണ് മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മനു ഹെെക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് പൊലീസിൽ കീഴടങ്ങി. പുത്തൻകുരിശ് ഡിവൈഎസ്‌പി ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെയായിരുന്നു കീഴടങ്ങൽ. കേസിൽ ജാമ്യത്തിലായിരുന്നു മനു.


Source link

Related Articles

Back to top button