പ്രതിക്ക് ഭക്ഷണവും പഴവും നൽകണം, മലം പ്ലാസ്റ്റിക് കവറിൽ ശേഖരിച്ച് പരിശോധിക്കണം; കേരള പൊലീസിന്റെ സ്പെഷ്യൽ ഡ്യൂട്ടി

പാലക്കാട്: കണ്ണിമ ചിമ്മാതെ കാവലിരിക്കുക എന്നത് അക്ഷരാർത്ഥത്തിൽ നടപ്പാക്കുകയാണ് ആലത്തൂർ പൊലീസ്. കാവലിരിക്കുന്നതിനൊപ്പം മലം പ്ലാസ്റ്റിക് കവറിൽ ശേഖരിച്ച് വിദശദമായി പരിശോധിക്കുകയും വേണം. സ്വർണമാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയ പ്രതിയിൽ നിന്ന് മാല വീണ്ടെടുക്കാനാണ് ഈ പെടാപാടെല്ലാം. ബാത്ത്റൂമിൽ ഇടയ്ക്കിടെ കൊണ്ടുപോകുമ്പോൾ പ്രതി രക്ഷപ്പെടാതെ നോക്കണമെന്ന പൊല്ലാപ്പ് വേറെയും. ജില്ലാ ആശുപത്രിയിലാണ് പ്രതിയായ മധുര സ്വദേശി മുത്തപ്പൻ എന്ന മുപ്പത്തിനാലുകാരൻ പ്രതിയും പൊലീസുകാരും ഇപ്പോൾ ഉള്ളത്.
എത്രയും പെട്ടെന്ന് മാല പുറത്തുവരണമെന്നുള്ളതുകൊണ്ട് വിശന്നാലും ഇല്ലെങ്കിലും പ്രതിക്ക് ഇഷ്ടഭക്ഷണം ഇടയ്ക്കിടെ നൽകുന്നുണ്ട്. ഒപ്പം നല്ല പഴുത്ത വാഴപ്പഴവും. എക്സ്‌റേ പരിശോധനയിൽ പ്രതിയുടെ വയറ്റിൽ മാലയുണ്ടെന്ന് വ്യക്തമായതോടെയാണ് ഇത് പുറത്തെടുക്കാൻ പൊലീസുകാർ ശ്രമമാരംഭിച്ചത്. ദഹിക്കുന്ന വസ്തു അല്ലാത്തതിനാൽ മലത്തിനൊപ്പം മാല പെട്ടെന്ന് പുറത്തേക്ക് വരില്ല. രണ്ടുദിവസംവരെ ഇതിന് വേണ്ടിവരും. അതുവരെ പൊലീസുകാരുടെ സ്പെഷ്യൽ ഡ്യൂട്ടി തുടരുമെന്നാണ് ആലത്തൂര്‍ ഇന്‍സ്പെക്ടര്‍ ടി എന്‍ ഉണ്ണിക്കൃഷ്ണന്‍ പറയുന്നത്. മാല പുറത്തുവന്നതിനുശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നുവയസുകാരിയുടെ മുക്കാൽ പവൻ മാല മുത്തപ്പൻ പൊട്ടിച്ചെടുത്തത്. സംഭവം കണ്ട് കുഞ്ഞിന്റെ മുത്തശ്ശി ബഹളംവച്ചതോടെ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്സ്‌റേ പരിശോധനയിൽ വയറ്റിനുള്ളിൽ മാല കണ്ടെത്തുകയായിരുന്നു. വയറിളകാനുള്ള മരുന്ന് നൽകിയെങ്കിലും മാല പുറത്തുവന്നില്ല. തുടർന്നാണ് ഭക്ഷണവും പഴവും നൽകി മാല പുറത്തുവരാൻ പൊലീസ് കാത്തിരിക്കാൻ തുടങ്ങിയത്.
Source link