INDIA

‘ആദ്യ പകുതിയിൽ വിജയ് മുഖ്യമന്ത്രി’: വിലപേശൽ വിനയായി, കണക്കുക്കൂട്ടലുകൾ‌ പിഴച്ചു; ദളപതിയും ‘ശത്രുപക്ഷത്ത്’


ചെന്നൈ ∙ അണ്ണാഡിഎംകെയും ബിജെപിയും വീണ്ടും കൈകോർത്തതോടെ, തമിഴ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന വിജയ്ക്കു വെല്ലുവിളി ഇരട്ടിയായി. ബിജെപിയുമായി സഹകരിക്കാൻ മടിച്ചുനിന്ന അണ്ണാഡിഎംകെ, ആദ്യം വിജയ്‌യുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) ഒപ്പം നിർത്താനായിരുന്നു ശ്രമിച്ചത്. ഇതിനായി വിശദമായ ചർച്ചകൾ നടന്നെങ്കിലും ടിവികെ മുന്നോട്ടു വച്ച ഉപാധികൾ അണ്ണാഡിഎംകെയെ ഞെട്ടിച്ചു. തിരഞ്ഞെടുപ്പു സഖ്യത്തെ വിജയ് നയിക്കുമെന്നും അധികാരത്തിന്റെ ആദ്യ പകുതിയിൽ വിജയ് ആയിരിക്കും മുഖ്യമന്ത്രിയെന്നും സഖ്യകക്ഷികളെയും സീറ്റു വിഭജനവും വരെ സ്വയം തീരുമാനിക്കുമെന്നുമായിരുന്നു നിബന്ധനകൾ. പല തവണ തമിഴ്നാട് ഭരിച്ച പാർട്ടിക്കു മുന്നിൽ ഇന്നലെ വന്നവർ വിലപേശുന്നതിലുള്ള കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് അണ്ണാഡിഎംകെ സഖ്യനീക്കം ഉപേക്ഷിച്ചത്. തുടർന്ന്, ബിജെപിക്ക് കൈ കൊടുക്കുകയായിരുന്നു. സഖ്യസാധ്യത പൂർണമായി അടഞ്ഞതോടെ, അണ്ണാഡിഎംകെയെയും വിജയ് ‘ശത്രുപക്ഷത്ത്’ പ്രതിഷ്ഠിച്ചു.അണ്ണാഡിഎംകെയ്ക്കൊപ്പം മുൻപുണ്ടായിരുന്ന ചെറുകക്ഷികൾ ഇതിനിടെ പുതിയ മുന്നണി ആലോചനകൾ തുടങ്ങി. എസ്ഡിപിഐയും വിജയകാന്തിന്റെ ഡിഎംഡികെയും ഡിഎംകെ അനുകൂല നിലപാടിലാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്ന പാട്ടാളി മക്കൾ കക്ഷി (പിഎംകെ) പാർട്ടിയിലെ ഉൾപ്പോരു കാരണം നിലപാടു വ്യക്തമാക്കിയിട്ടില്ല. എൻഡിഎയിലെത്തിയ അണ്ണാഡിഎംകെയിൽ നിന്നു ചിതറുന്ന മുസ്‌ലിം വോട്ടുകൾ ഡിഎംകെയ്ക്ക് കിട്ടേണ്ടതാണെങ്കിലും ഇത്തവണ വിജയ് കൂടി കളത്തിലിറങ്ങുമ്പോൾ ഇവ എങ്ങോട്ടു ചായുമെന്ന് ഉറപ്പില്ല.


Source link

Related Articles

Back to top button