വിഷു, ഈസ്റ്റർ ആഘോഷം: ഒരുക്കങ്ങൾ തകൃതി; വിപണി സജീവം

കൊച്ചി ∙ വിഷു, ഈസ്റ്റർ ആഘോഷങ്ങളെ വരവേൽക്കാൻ ജില്ലയിൽ ഒരുക്കങ്ങൾ തകൃതി. ഒരാഴ്ചത്തെ ഇടവേളയിലാണ് രണ്ട് ആഘോഷങ്ങളും എന്നതിനാൽ വിപണിയിൽ കൂട്ടപ്പൊരിച്ചിലില്ല. വിഷു തിങ്കളാഴ്ച ആയതിനാൽ ശനിയും ഞായറുമെടുത്ത് സാവധാനം ഒരുങ്ങുന്ന രീതിയാണ് ജില്ലയിൽ പൊതുവെ. ജില്ലയ്ക്ക് പുറത്തുള്ളവര്‍ വെളളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയുമായി തങ്ങളുടെ നാടുകളിലേക്ക് പോയതിനാൽ തിരക്കും താരതമ്യേനെ കുറവാണ്. എന്നാൽ പടക്കം, വിഷുസദ്യ, വിഷുക്കണി തുടങ്ങിയവയ്ക്കായുള്ള തിരക്ക് പ്രധാനപ്പെട്ട ഇടങ്ങളിൽ ദർശിക്കാനാവും. ആഘോഷങ്ങളെ വരവേൽക്കാൻ ദേവാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ഉയിര്‍പ്പിന്റെയും സ്മരണകള്‍ പുതുക്കുന്ന വിശുദ്ധവാരാചരണത്തിനു ക്രൈസ്തവ ദേവാലയങ്ങള്‍ ഒരുങ്ങി. ഓശാന ഞായര്‍ ദിനം മുതല്‍ ഈസ്റ്റർ ഞായർ വരെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടക്കും. കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയാണ് ഞായറാഴ്ചയുണ്ടാവുക. എറണാകുളം ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളെല്ലാം കണ്ണനെ കണികണ്ടുണരുന്നതിനായുള്ള ഒരുക്കത്തിലാണ്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വിഷുവിളക്ക് ഉത്സവം ഞായറും തിങ്കളുമായി ആഘോഷിക്കും. രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം, തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, കലൂർ പാവക്കുളം മഹാദേവ ക്ഷേത്രം തുടങ്ങി പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിഷു ദിനമായ തിങ്കളാഴ്ച രാവിലെ ഭക്തരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിഷുക്കണിക്കുള്ള സാധനങ്ങൾ ശനിയും ഞായറുമായാണ് ആളുകൾ വാങ്ങുന്നത്. എറണാകുളം, ആലുവ തുടങ്ങി എല്ലാ പ്രധാന ചന്തകളിലും വിഷുവിഭവങ്ങൾ ഒരുക്കാനുള്ള സാധനങ്ങൾ നേരത്തെ തന്നെ എത്തി. കണിവെള്ളരി ഇത്തവണയും പ്രധാനമായി എത്തുന്നത് മൂവാറ്റുപുഴ തൃക്കളത്തൂരിൽ നിന്നാണ്. നേന്ത്രക്കായ വിപണിയും ഏറെ സജീവമാണ്. കണിക്കൊന്ന പലയിടങ്ങളിലും പൂത്തു നിൽക്കുന്നുണ്ടെങ്കിലും ആവശ്യക്കാർക്ക് ഇവ പ്രധാനമായും എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. കണ്ടാൽ യഥാർഥമെന്ന് തോന്നുന്ന ചൈനീസ് കണിക്കൊന്നയ്ക്കും ആവശ്യക്കാരേറെ. കണികാണാനുള്ള കൃഷ്ണവിഗ്രഹങ്ങളും ഇത്തവണ നേരത്തെ എത്തി. തൃപ്പൂണിത്തുറ മേഖലയിലാണ് കൃഷ്ണവിഗ്രഹങ്ങൾ കൂടുതലായി എത്തിയിട്ടുള്ളത്. ഓടക്കുഴൽ വായിക്കുന്നതും വെണ്ണ തിന്നുന്നതും രാധയ്ക്കൊപ്പമുള്ളതും ഗോക്കെളെ മേയ്ക്കുന്നതുമെല്ലാം അടങ്ങുന്ന വിഗ്രഹങ്ങളാണ് ഇവ. പാലക്കാട് ജില്ലയിൽ നിന്നാണ് ഇവ കൂടുതലായി എത്തിയിട്ടുള്ളത്. 80–100 രൂപ നിരക്കിൽ തുടങ്ങുന്ന വിഗ്രഹങ്ങൾ പേപ്പർ പൾപ്പിലും ഫൈബറിലും വരെ ലഭ്യമാണ്. ഇവയ്ക്ക് പക്ഷേ 500 രൂപ മുതൽ 7500 രൂപ വരെ നിരക്കാകും.
Source link