KERALAM

മഴ മാറിനിന്നു, ആശമാരുടെ കണ്ണീരൊപ്പാൻ പൗരസാഗരം

തിരുവനന്തപുരം: ആശമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി പൗരസാഗരം. ഇടിമിന്നലോടെ പുലർച്ചെ ആരംഭിച്ച മഴപോലും ഇവരുടെ കണ്ണീരൊപ്പാൻ മാറിനിന്നു. വേതന വർദ്ധനയാവശ്യപ്പെട്ട് ആശാവർക്കേഴ്സ് സംഘടിപ്പിച്ച സമരം 62 ദിവസം പിന്നിടുമ്പോഴാണ് സാംസ്കാരികപ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ ‘പൗരസാഗരം’ സംഘടിപ്പിച്ചത്.

രാവിലെ 10 നു മുൻപേ സെക്രട്ടേറിയറ്റിനു മുൻവശം ജനനിബിഡമായി. കുടുംബസമേതമാണ് എല്ലാ ജില്ലയിൽനിന്നും ആശാപ്രവർത്തകർ എത്തിയത്.

എഴുത്തുകാരി ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. സമരത്തെ പിന്തുണച്ച് താൻ ലേഖനമെഴുതിയപ്പോൾ ‘ആർദ്രതയൊക്കെ നല്ലതാണ് പക്ഷേ,​ ആർ.എസ്.എസിന്റെ കുഴിയിൽപ്പോയി വീഴരുതെന്നായിരുന്നു” ചിലരുടെ പ്രതികരണമെന്ന് ഖദീജ മുംതാസ് പറഞ്ഞു. ആശമാരുടെ പ്രശ്നത്തിൽ ഭരണാധികാരികൾ ചെകിടരായാൽ ജനം പ്രതികരിക്കേണ്ടിവരുമെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ

ജോസഫ് സി.മാത്യു പറഞ്ഞു.

ഡോ.ഡി.സുരേന്ദ്രനാഥ് ,​ എം.എ.ബിന്ദു,​ എം.പി. മത്തായി,​കെ.പി. കണ്ണൻ,​ ശ്രീധർരാധാകൃഷ്ണൻ,​ ഫാ.റൊമാൻസ് ആന്റണി,​ മാധവൻ പുറച്ചേരി,​ പ്രമോദ് പുഴങ്കര,​ രാജകൃഷ്ണൻ,​ജോസഫ് എം.പുതുശ്ശേരി,​ ജെ.ദേവിക ജോൺ ജോസഫ്,​ എസ്.മിനി,​എം.സുൽഫത്ത്,​ ജോർജ് ജോസഫ്,​ജെയ്ൻ നാൻസി ഫ്രാൻസിസ്,​ ബി.ദിലീപ്,​ റെജീന അഷ്‌റഫ്,​​ അരുൺ ബാബു,​വി.കെ. സദാനന്ദൻ എന്നിവർ സംസാരിച്ചു.

ആശാസമരത്തിന്റെ പ്രചരണാർത്ഥം നിർമ്മിച്ച ബാഗിന്റെ ആദ്യവില്പന ജെ.ദേവിക നിർവഹിച്ചു. വനിത സി.പി.ഒ ഉദ്യോഗാർത്ഥികളുടെ സമരത്തിന് പൗരസാഗരം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

അടിച്ചമർത്തുന്നു: സച്ചിദാനന്ദൻ

ഇടതുപക്ഷസമരത്തെ ഇടതുപക്ഷ സർക്കാർ അടിച്ചമർത്തുന്നതാണ് ആശമാരുടെ സമരത്തിലൂടെ കാണുന്നതെന്ന് കവി സച്ചിദാനന്ദൻ ഓ‌ഡിയോ സന്ദേശത്തിൽ പറഞ്ഞു. ആശാവർക്കർമാരുടെ അവസ്ഥയുടെ ഉത്തരവാദിത്വം കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകൾ വഹിക്കേണ്ടതാണ്.
ഇത് നീതിയുടെ പ്രശ്നമാണെന്നും ഫാസിസ്റ്റ് മനോഭാവത്തോടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button