പള്ളി സ്ഥാപിച്ച കുരിശ് വനംവകുപ്പ് പിഴുതുമാറ്റി

തൊടുപുഴ: കോതമംഗലം രൂപതയുടെ കീഴിലെ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് വനംവുപ്പ് ഉദ്യോഗസ്ഥർ പിഴുതുമാറ്റി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് കാളിയാർ റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ ജെ.സി.ബിയുടെ സഹായത്തോടെ കുരിശ് പിഴുതെടുത്തത്. വനഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് കാളിയാർ റേഞ്ച് ഓഫീസർ ടി.കെ.മനോജ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് കുരിശ് സ്ഥാപിച്ചത് വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഉദ്യോഗസ്ഥരുമായി സംഘർഷമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. കുരിശ് കാളിയാർ റേഞ്ച് ഓഫീസിലേക്ക് മാറ്റി. പ്രദേശവാസിയായ ബെന്നിയുടെ കൈവശ ഭൂമിയിലിരുന്ന സ്ഥലം പള്ളിക്ക് വിട്ടുകൊടുത്തതായിരുന്നു. വെള്ളിയാഴ്ചയാണ് ഇവിടെ കുരിശ് സ്ഥാപിച്ചത്. ദുഃഖ വെള്ളിയാഴ്ച കുരിശു മലകയറ്റവും കുരിശിന്റ വഴിയും നടത്താനിരിക്കെയാണ് മുന്നറിയിപ്പോ നോട്ടീസോ നൽകാതെ കുരിശു പിഴുത് മാറ്റിയതെന്ന് വിശ്വാസികൾ പറയുന്നു.
തുടർ നടപടികൾ ആലോചിക്കാൻ ഇന്ന് പൊതുയോഗം വിളിച്ചിട്ടുണ്ടെന്ന് വികാരി ഫാ. ജോർജ് ഐക്കരമറ്റം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് തൊമ്മൻകുത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
Source link