ബ്രഹ്മപുരത്തെ മാലിന്യം കടൽ കടക്കും, വളമായി

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ജൈവ മാലിന്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വളം കടൽ കടക്കും. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശികളായ ലത്തീഫിന്റെയും നിയാസിന്റെയും നേതൃത്വത്തിലുള്ള ഫാബ്‌കോ എന്ന സ്വകാര്യ സ്ഥാപനമാണ് വ്യാവസായികാടിസ്ഥാനത്തിൽ വളമെത്തിക്കുക. 120 ടൺ ജൈവവളം അടങ്ങുന്ന ആദ്യ കണ്ടെയ്നർ അടുത്തയാഴ്ച ദുബായിലേക്ക് അയയ്ക്കും. പ്രതിദിനം 25 ടൺ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ബ്രഹ്മപുരത്ത് ഫാബ്‌കോ സ്ഥാപിച്ചത്. ജൈവ മാലിന്യം കൃത്യമായി സംസ്‌കരിക്കുന്നതോടൊപ്പം സംസ്ഥാനത്തിന് വിദേശനാണ്യം നേടിത്തരാനും പദ്ധതിക്കാവും.
താരം പട്ടാളപ്പുഴുക്കൾ
ദുബായ് ആസ്ഥാനമായ റിഫാം എന്ന കമ്പനി ഫാബ്‌കോയെ സമീപിച്ചതോടെയാണ് ബ്രഹ്മപുരം പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന ജൈവവളം കയറ്റുമതിചെയ്യാനുള്ള അവസരമൊരുങ്ങിയത്. പട്ടാളപ്പുഴുവിനെ ( ബ്ലാക് സോൾജിയർ ഫ്ലൈ ലാവ) ഉപയോഗിച്ച് സംസ്‌കരിച്ചെടുക്കുന്ന വളത്തിന്റെ ഗുണമേന്മ മനസിലാക്കിയ റിഫാം ഫാബ്‌കോയുമായി കരാറിലെത്തുകയായിരുന്നു. പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് മാലിന്യം എട്ട് ദിവസംകൊണ്ട് കമ്പോസ്റ്റാക്കാനാകും. പുഴുക്കളുടെ അവശിഷ്ടം കൂടി അടങ്ങിയ കമ്പോസ്റ്റിന് ഗുണമേറെയാണ്.
പ്രവർത്തനം ഇങ്ങനെ
മാലിന്യത്തിന്റെ 70 ശതമാനം പട്ടാളപ്പുഴുക്കൾ തിന്നും
30 ശതമാനം കമ്പോസ്റ്റാകും
മാലിന്യം കമ്പോസ്റ്റ് ആകുമ്പോഴേക്കും പട്ടാളപ്പുഴുക്കൾ വളർന്ന് ബ്ലാക് സോൾജിയർ ഫ്ലൈയാകും (ഒരിനം ഈച്ച)
ഇവയെ മത്സ്യങ്ങൾക്കും കന്നുകാലികൾക്കുമുള്ള തീറ്റ നിർമ്മാണത്തിന് ഉപയോഗിക്കാം
കക്കൂസ് മാലിന്യ സംസ്കരണം
പട്ടാളപ്പുഴുക്കളെ ഉപയോഗിച്ച് കക്കൂസ് മാലിന്യം സംസ്‌കരിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും ഫാബ്‌കോയ്ക്കുണ്ട്. പദ്ധതി സംസ്ഥാന സർക്കാരിനുമുന്നിൽ ഉടൻ അവതരിപ്പിക്കും.
Source link