‘സര്‍ക്കാര്‍ കോര്‍പറേറ്റ് സിഇഒമാരുടെയും വലത് ഫാഷിസ്റ്റുകളുടെയും ഭാഷ ഉപയോഗിക്കരുത്’: ആശാ സമരത്തെ അനുകൂലിച്ച് സച്ചിദാനന്ദൻ

തിരുവനന്തപുരം∙ ആശാ വര്‍ക്കര്‍മാരുടെ സമരം 62-ാം ദിവസത്തിലെത്തുമ്പോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഒത്തുചേര്‍ന്നു. ജോസഫ് സി. മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ.സച്ചിദാനന്ദന്റെ ഓഡിയോ സന്ദേശം സമരവേദിയില്‍ കേള്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് കെ.സച്ചിദാനന്ദന്‍ സംസാരിച്ചത്. സര്‍ക്കാര്‍ കോര്‍പറേറ്റ് സിഇഒമാരുടെയും വലത് ഫാഷിസ്റ്റുകളുടെയും ഭാഷ ഉപയോഗിക്കരുതെന്നു സച്ചിദാനന്ദന്‍ പറഞ്ഞു. ‘‘സമരം ചെയ്യുന്നവര്‍ സ്ത്രീകള്‍ ആണെന്ന പരിഗണന പോലും സര്‍ക്കാര്‍ നല്‍കുന്നില്ല. അവകാശം പോലും ചോദിക്കാന്‍ അവകാശമില്ലാത്ത അഭയാര്‍ഥികള്‍ ആണോ ആശാ വര്‍ക്കര്‍മാര്‍. ‘ഭരണവും സമരവും’ എന്ന ഇംഎംഎസ് മുന്നോട്ടുവച്ച മുദ്രാവാക്യം ഏറെക്കാലം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രിയപ്പെട്ട മുദ്രാവാക്യങ്ങളില്‍ ഒന്നായിരുന്നു. പക്ഷേ അധികാരം ആ മുദ്രാവാക്യത്തെ നിശബ്ദമാക്കിയിരിക്കുന്നു’’ – സച്ചിദാനന്ദന്‍ പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുമായി ഫെബ്രുവരി 10നാണു സമരം ആരംഭിച്ചത്. സര്‍ക്കാരുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒത്തുതീര്‍പ്പുണ്ടാകാത്ത സാഹചര്യത്തിലാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്.
Source link