തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവർണർമാർക്ക്: എംഎ ബേബി

ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സുപ്രീം കോടതി വിധി ഗവർണർ അംഗീകരിക്കാൻ തയ്യാറാകണമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവർണമാർക്ക് ഉള്ളതെന്നും എംഎ ബേബി ചോദിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയക്രമം നിശ്ചയിക്കുന്ന തമിഴ്നാട് ഗവർണർക്കെതിരായ സുപ്രീംകോടതിയുടെ വിധിക്കെതിരെ കേരള ഗവർണർ രംഗത്തെത്തിയതോടെയാണ് എംഎ ബേബിയുടെ വിമർശനം.
‘വളരെ കാലത്തിന് ശേഷമാണ് സുപ്രീം കോടതി പ്രതീക്ഷയുണ്ടാക്കുന്ന ഒരു നിരീക്ഷണവും വിധിയും പ്രഖ്യാപിച്ചത്. സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങളെ ഗവർണർമാർ അനന്തമായി വച്ചുതാമസിപ്പിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് ഒട്ടും യോജിക്കുന്നതല്ലെന്ന സുപ്രീം കോടതിയുടെ വിധി വളരെ പ്രധാനപ്പെട്ടതാണ്. ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമം പോലും ഒരു ഗവർണറെ പിരിച്ചുവിടുന്ന കാര്യത്തിൽ ആവശ്യമില്ല.
രണ്ടേരണ്ടു പേർ വിചാരിച്ചാൽ തീരുന്നതാണ് ഗവർണറുടെ അധികാരം. ആഭ്യന്തരമന്ത്രിയോ പ്രധാനമന്ത്രിയോ വിചാരിച്ചാൽ മതി ഗവർണറെ പിരിച്ചുവിടാൻ. ഇത്തരം കാര്യങ്ങൾ ജനങ്ങളോട് വിളിച്ചുപറയിക്കാനുള്ള സാഹചര്യം ഗവർണർമാർ ഉണ്ടാക്കരുത്. വിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്’- എംഎ ബേബി പറഞ്ഞു.
Source link