‘ആശ്രയമൊരുങ്ങുന്നു’: വയനാട് ടൗൺഷിപ്പ് നിർമാണ ജോലികൾക്ക് തുടക്കം; എത്രയും വേഗം മുന്നോട്ടു കൊണ്ടുപോകുമെന്ന് ഊരാളുങ്കൽ

കൽപറ്റ∙ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിന്റെ നിർമാണ ജോലികൾ ആരംഭിച്ചു. തേയിലച്ചെടികൾ പിഴുതുമാറ്റി നിലം ഒരുക്കുന്ന പ്രവർത്തികളാണ് ആരംഭിച്ചത്. സ്ഥലം ഏറ്റെടുക്കാമെന്ന് കോടതി ഉത്തരവ് വന്നതോടെ ഇന്നലെ രാത്രി തന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോർഡ് സ്ഥാപിച്ചു. കല്‍പറ്റ വില്ലേജ് ബ്ലോക്ക് 19 റീ സര്‍വേ നമ്പര്‍ 88ല്‍ 64.4705 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിക്കു ശേഷമാണ് ഹൈക്കോടതി ഉത്തരവ് ലഭിച്ചത്.ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, ഭൂമി ഏറ്റെടുക്കുന്നതിനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫിസര്‍ ജെ.ഒ.അരുൺ, എഡിഎം കെ.ദേവകി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാത്രി തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബോർഡ് സ്ഥാപിച്ചത്. തുടർന്ന് അർധരാത്രിയോടെ നിർമാണ പ്രവർത്തികൾ ആരംഭിക്കാനുള്ള അനുമതി ഊരാളുങ്കലിന് നൽകുകയായിരുന്നു.ഇന്നു രാവിലെ തന്നെ ഊരാളുങ്കൽ നിർമാണം തുടങ്ങി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തേയിലച്ചെടികൾ പിഴുതുമാറ്റി നിലം ഒരുക്കുന്ന പ്രവർത്തിയാണ് നടത്തുന്നത്. വിഷുവിന് ശേഷം ചൊവ്വാഴ്ച മുതൽ പരമാവധി തൊഴിലാളികളെ എത്തിച്ച് എത്രയും വേഗം നിർമാണം മുന്നോട്ടു കൊണ്ടുപോകാനാണ് നീക്കമെന്ന് ഊരാളുങ്കൽ അറിയിച്ചു. നിർമാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും ഊരാളുങ്കൽ നടത്തിയിരുന്നെങ്കിലും കോടതിയിൽനിന്ന് ഉത്തരവ് ലഭിക്കാൻ വൈകിയതോടെ കാലതാമസം നേരിട്ടു. അവധി ദിവസങ്ങൾ കഴിയുന്നതോടെ നാനൂറോളം തൊഴിലാളികളെ എത്തിച്ച് നിർമാണം വേഗത്തിലാക്കുെമന്നും ഊരാളുങ്കൽ അറിയിച്ചു.
Source link