INDIA

തഹാവൂർ റാണ: കൊച്ചിയിലടക്കം തെളിവെടുപ്പിന് എത്തിച്ചേക്കാം


ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതികളിൽ ഒരാളായ തഹാവൂർ റാണയ്ക്കു പാക്ക് ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) അടക്കമുള്ളവയുമായുള്ള ബന്ധം എൻഐഎയുടെ ചോദ്യം ചെയ്യലിൽ വിഷയമാകും. ഭീകര സംഘടനയായ ലഷ്കറെ തയിബയുമായുള്ള ബന്ധം, ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ യാത്രയുടെ വിശദാംശങ്ങൾ എന്നിവയെല്ലാം ചികഞ്ഞെടുക്കാനാകും എൻഐഎ ശ്രമം.  മുംബൈ ഭീകരാക്രമണത്തിനുമുൻപ് റാണ കൊച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിയിരുന്നുവെന്നാണു വിവരം. 2008 നവംബർ 13 മുതൽ 21 വരെ ദിവസങ്ങളിൽ ഡൽഹി, അഹമ്മദാബാദ്, യുപിയിലെ ഹാപുർ, ആഗ്ര എന്നിവിടങ്ങൾ ഭാര്യ സംറാസ് അക്തറിനൊപ്പം റാണ സന്ദർശിച്ചിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി റാണയെ ഈ സ്ഥലങ്ങളിൽ തെളിവെടുപ്പിന് എത്തിക്കുമെന്നും സൂചനയുണ്ട്.  മുംബൈ ഭീകരാക്രണത്തിന്റെ സമയത്ത് അവിടെ അഡിഷനൽ പൊലീസ് കമ്മിഷണറായിരുന്ന സദാനന്ദ വസന്ത് ദത്തെയാണ് ഇപ്പോൾ എൻഐഎ മേധാവി. ആക്രമണത്തിൽ പരുക്കേറ്റ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അജ്മൽ കസബിനെ ജീവനോടെ പിടികൂടിയത്. ∙സുരക്ഷയിൽ കോടതി, എൻഐഎ ആസ്ഥാനം  എൻഐഎ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ജവാഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരം കനത്ത സുരക്ഷയിലാണ്. ബിഎസ്എഫ്, സിആർപിഎഫ് സേനാംഗങ്ങൾ ഇവിടെ സുരക്ഷയ്ക്കുണ്ട്. ഓഫിസിനു സമീപത്തേക്ക് ഇറങ്ങാൻ സാധിക്കുന്ന മെട്രോ സ്റ്റേഷന്റെ ഗേറ്റിലൂടെയുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. റോഡിൽ ഗതാഗത നിയന്ത്രണവുമുണ്ട്. റാണയെ പട്യാല ഹൗസ് കോടതിയിൽ എത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരെ ഉൾപ്പെടെ പുറത്താക്കിയിരുന്നു. ഒരു പേന മാത്രമാണ് റാണയുടെ കൈവശം അനുവദിച്ചത്. അഭിഭാഷകനുണ്ടോ എന്നു പ്രത്യേക എൻഐഎ ജഡ്ജി ചന്ദേർ ജിത് സിങ് ആരാഞ്ഞു. ഇല്ലെന്നു മറുപടി നൽകിയപ്പോൾ ഡൽഹി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷകനെ അനുവദിച്ചതായി ജഡ്ജി അറിയിച്ചു. എൻഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അഭിഭാഷകനുമായി സംസാരിക്കാനും റാണയെ അനുവദിച്ചു. ചോദ്യം ചെയ്യാൻ ആശിഷ് ബത്ര, ജയ റോയി  ന്യൂഡൽഹി ∙ തഹാവൂർ റാണയെ ചോദ്യം ചെയ്യാൻ നേതൃത്വം നൽകുന്നത് എൻഐഎയിലെ 2 മുതിർന്ന ഉദ്യോഗസ്ഥർ. ഐജി ആശിഷ് ബത്ര, ഡിഐജി ജയ റോയി എന്നിവർക്കാണ് ചുമതല. 1997 ബാച്ച് ജാർഖണ്ഡ് കേഡർ ഉദ്യോഗസ്ഥനായ ആശിഷ് ബത്ര ജാർഖണ്ഡിലെ തീവ്രവാദ വിരുദ്ധ വിഭാഗമായ ജാഗ്വറിന്റെ മേൽനോട്ടം വഹിക്കുന്നതിനിടെ 2019 ലാണ് എൻഐഎയിൽ എത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 2 വർഷത്തേക്കു കൂടി കാലാവധി നീട്ടി. 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ജയ റോയിയും 2019ലാണു എൻഐഎയിൽ എത്തിയത്. 4 വർഷത്തിനു ശേഷം കാലാവധി നീട്ടി. ജാംതാരയിലെ സൈബർ കുറ്റവാളികളെ പുറത്തുകൊണ്ടുവന്ന അന്വേഷണത്തിനു നേതൃത്വം നൽകിയത് ജയ റോയിയായിരുന്നു. 


Source link

Related Articles

Back to top button