വഖഫ് നിയമത്തിനെതിരെ പ്രതിഷേധം: ബംഗാളിൽ സംഘർഷം; പൊലീസുകാർക്കു നേരേ കല്ലേറ്, മുർഷിദാബാദിൽ നിരോധനാജ്ഞ

കൊൽക്കത്ത∙ വഖഫ് നിയമത്തിനെതിരെ ബംഗാളിൽ നടന്ന പ്രതിഷേധത്തിനിടെ സംഘർഷം. മുർഷിദാബാദിലും ഡയമണ്ട് ഹാർബറിലുമാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനിനു നേരെ കല്ലെറിഞ്ഞു. സംഘർഷത്തിൽ ഒട്ടേറെ പൊലീസുകാർക്ക് പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് രണ്ടു ട്രെയിനുകൾ റദ്ദാക്കി. അഞ്ചെണ്ണം വഴിതിരിച്ചു വിട്ടു.വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ജയിൽ പുള്ളികളുമായി പോകുകയായിരുന്ന പൊലീസ് വാഹനത്തിനു നേരെ കല്ലെറിഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. പ്രദേശത്ത് ബിഎസ്എഫിനെ വിന്യസിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് മുർഷിദാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിലക്കി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി മമത ബാനർജിക്ക് ഗവർണർ സി.വി.ആനന്ദബോസ് നിർദേശം നൽകി.
Source link