‘കമ്പിവടി കൊണ്ട് ആക്രമിച്ചു’; ‘വനിതകളോട് മോശമായി പെരുമാറി’; കൂട്ടത്തല്ലിൽ പരാതി കടുപ്പിച്ച് മഹാരാജാസ് വിദ്യാർഥികളും അഭിഭാഷകരും

കൊച്ചി ∙ അർധരാത്രിയില്‍ ആരംഭിച്ച സംഘർഷം പകലും നീണ്ടതോടെ യുദ്ധക്കളമായി നഗരം. എറണാകുളം നഗരത്തിൽ വ്യാഴാഴ്ച അർധരാത്രിയിൽ ജില്ലാ കോടതിയിലെ അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാർഥികളും തമ്മിൽ ഉടലെടുത്ത സംഘർഷമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അഭിഭാഷകർ കോടതി വളപ്പിൽനിന്നു കല്ലെറിഞ്ഞെന്ന് വിദ്യാർഥികൾ ആരോപിച്ചു. വിദ്യാർഥികളാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് അഭിഭാഷകരും പറയുന്നു. സെൻട്രൽ പൊലീസ് ആസ്ഥാനത്തേക്ക് അഭിഭാഷകർ ഇന്ന് പ്രതിഷേധ പ്രകടനം നടത്തി. മൊഴികൾ എടുത്ത ശേഷം ഇരുകൂട്ടർക്കുമെതിരെ കേസെടുക്കാനൊരുങ്ങുകയാണ് പൊലീസ്. ഏറ്റുമുട്ടലിൽ പൊലീസുകാർക്കും പരുക്കേറ്റതിനാൽ ഇതിലും കേസുണ്ടാകും. ബെൽറ്റ്, മദ്യക്കുപ്പികൾ, കമ്പിവടി എന്നിവ ഉപയോഗിച്ചാണ് അഭിഭാഷകർ ആക്രമിച്ചതെന്നും അഭിഭാഷകരിൽ ചിലർ മദ്യപിച്ച് ലക്കുകെട്ട് പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. എന്നാൽ ഡിജെ പരിപാടിക്ക് കയറിയ വിദ്യാർഥികൾ വനിത അഭിഭാഷകരോട് അടക്കം മോശമായി പെരുമാറുകയായിരുന്നെന്ന് അഭിഭാഷക അസോസിയേഷൻ ആരോപിച്ചു. ഇതു ചോദ്യം ചെയ്തതോടെ മുപ്പതംഗ വിദ്യാർഥി സംഘം ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നെന്ന് അസോസിയേഷൻ പറഞ്ഞു. എറണാകുളം ബാർ അസോസിയേഷന്റെ വാർഷിക പരിപാടിക്കിടെയാണ് വ്യാഴാഴ്ച കൊച്ചി നഗരത്തിലെ പാർക് അവന്യൂ റോഡും പരിസരവും യുദ്ധക്കളമായത്. ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവുമാണ് മഹാരാജാസ് കോളജും ജില്ലാ കോടതിയും. ജില്ലാ കോടതി വളപ്പിലാണ് ബാർ അസോസിയേഷന്റെ ഓഫിസും സ്ഥിതി ചെയ്യുന്നത്. ഇന്നലെ ബാർ അസോസിയേഷൻ വാർഷികത്തിന്റെ ഭാഗമായി അംഗങ്ങൾക്ക് ഭക്ഷണവും കലാവിരുന്നും സംഘടിപ്പിച്ചിരുന്നു. എന്നാൽ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഡിജെ പരിപാടിയിലേക്ക് മഹാരാജാസ് കോളജിലെ വിദ്യാർഥികൾ വരുകയും ഇത് അഭിഭാഷകർ ചോദ്യം ചെയ്ത് ഇവരെ പുറത്താക്കുകയും ചെയ്തു.
Source link