‘വയനാട് പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാം; 17 കോടി രൂപ കൂടി സർക്കാർ കെട്ടിവയ്ക്കണം’

കൊച്ചി ∙ വയനാട് ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനു ടൗൺഷിപ് നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി. ടൗൺഷിപ്പ് നിർമിക്കാനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നും ഇതിനായി നേരത്തെ നൽകിയ തുകയ്ക്കു പുറമെ 17 കോടി രൂപ കൂടി സർക്കാർ കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി ഇന്ന് നിർദേശിച്ചു. ഹൈക്കോടതി റജിസ്ട്രാർ നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായി ഈ തുക എസ്റ്റേറ്റ് ഉടമകൾക്ക് പിൻവലിക്കാമെന്നും ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹാരിസൺ, എൽസ്റ്റൺ എസ്റ്റേറ്റുകൾ നൽകിയ ഹർജികൾ ഫയലിൽ സ്വീകരിച്ചു. ഹർജികൾ ജൂലൈയിൽ പരിഗണിക്കും.എൽസ്റ്റൺ എസ്റ്റേറ്റിന്റെ 78.73 ഹെക്ടർ ഭൂമി 26.5 കോടി രൂപയ്ക്കാണ് സർക്കാർ ഏറ്റെടുത്തതെന്നും ഇതു തീരെ കുറവാണെന്നും 549 കോടി മൂല്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെ മൂല്യനിർണയം നടത്തി ഭൂമി കൈവശം എടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം നഷ്ടപരിഹാരം നൽകണമെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ച പിന്നാലെ സർക്കാർ ന്യായവില കുറച്ചു എന്നും എസ്റ്റേറ്റ് ഉടമകൾ ചൂണ്ടിക്കാട്ടിയിരുന്നു. എസ്റ്റേറ്റിലെ തേയിലച്ചെടികൾക്ക് 82 കോടി രൂപയും ഫാക്ടറി കെട്ടിടങ്ങൾക്ക് 20 കോടിയും മൂല്യം വരും. ക്വാർട്ടേഴ്സ് ഉൾപ്പെടെ കെട്ടിടങ്ങൾ ഉണ്ടെന്നും എൽസ്റ്റൺ അറിയിച്ചു.എന്നാൽ സമീപകാലത്തു നടന്ന 10 ഭൂമി ഇടപാടുകളുടെ രേഖകൾ പരിശോധിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയതെന്നും കോടതി ആവശ്യപ്പെട്ടാൽ ന്യായ വില കണക്കാക്കി നഷ്ടപരിഹാരം നൽകാൻ തയാറാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ന്യായവില കണക്കാക്കുന്നതിൽ ചെറിയ മാറ്റമുണ്ടെന്നും ഇതു പ്രകാരം എസ്റ്റേറ്റ് ഉടമകൾക്ക് 16 കോടി രൂപ കൂടി ഉൾപ്പെടുത്തി 42 കോടി രൂപ നൽകാൻ കഴിയുമെന്നും സർക്കാർ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതും 17 കോടി രൂപ കൂടി ഉൾപ്പെടുത്താൻ നിർേദശം നൽകിയതും. 26.5 കോടി രൂപ ഹൈക്കോടതി റജിസ്ട്രിയിൽ കെട്ടിവച്ച് ഭൂമി പ്രതീകാത്മകമായി ഏറ്റെടുത്ത് ടൗൺഷിപ്പിന്റെ നിർമാണോദ്ഘാടനം നേരത്തെ നടത്തിയിരുന്നു. എന്നാൽ കേസ് കോടതിയിലായതിനാൽ തുടർനിർമാണ പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. അതിനാണ് ഇന്നത്തെ വിധിയോടെ മാറ്റം വരുന്നത്.
Source link