ബോണ്ട് കൊണ്ടും നോവിച്ച് ചൈനയുടെ തിരിച്ചടി; അപായ സൂചന, പേടിച്ച് പിന്മാറി ട്രംപ്

കൊച്ചി∙ തീരുവകൾ കൂട്ടി ആഗോള ധനകാര്യ ഗോദയിൽ വെല്ലുവിളിച്ചു നിന്ന ട്രംപ് പെട്ടെന്നു പിന്മാറിയത് യുഎസ് ട്രഷറി ബോണ്ടുകളുടെ വിലയിടിഞ്ഞതും നിക്ഷേപകർ അവ വിറ്റൊഴിവാക്കാൻ തുടങ്ങിയതും കാരണം. ബോണ്ട് നിക്ഷേപ വരുമാനം കൊണ്ടു ചെലവുകൾ നടത്തി പിടിച്ചു നിൽക്കുന്ന യുഎസിന് കനത്ത അടിയായി സാമ്പത്തിക തകർച്ചയുടെ സൂചനകൾ.തീരുവകൾ അമിതമായി വർധിപ്പിക്കുക, ഭീഷണിയിലായ രാജ്യങ്ങളെ വരുതിയിലാക്കി വില പേശി യുഎസിന് വാണിജ്യ ആനുകൂല്യങ്ങൾ നേടുക എന്നതായിരുന്നു ട്രംപിന്റെ തന്ത്രം. ഓഹരി വിപണിയിൽ ഇടിവുണ്ടാകും എന്നു പ്രസിഡന്റും ഉപദേഷ്ടാക്കളും പ്രതീക്ഷിച്ചിരുന്നതിനാൽ കാര്യമാക്കിയില്ല. പക്ഷേ, ട്രഷറി ബോണ്ടുകളുടെ തകർച്ച അപ്രതീക്ഷിതമായിരുന്നു. അതോടെ തീരുവകൾ മരവിപ്പിക്കാൻ ട്രംപ് നിർബന്ധിതനായി. മുൻ ട്രഷറി സെക്രട്ടറി ലോറൻസ് സമ്മേഴ്സ് നൽകിയ ദുരന്ത സൂചനയും പിൻമാറ്റത്തിനു പ്രേരകമായി.എന്തുകൊണ്ടാണ് ട്രഷറി ബോണ്ട് വിപണിക്ക് ഇത്ര പ്രാധാന്യം? യുഎസ് വലിയ സാമ്പത്തിക ശക്തിയാണെങ്കിലും രാജ്യാന്തര കടം അതിഭീമമാണ്– 36.2 ലക്ഷം കോടി ഡോളർ. വിവിധ രാജ്യങ്ങളും ബാങ്കുകളുമെല്ലാം യുഎസ് ബോണ്ടുകളിൽ പണം നിക്ഷേപിക്കുന്നു. ആവശ്യം വന്നാൽ പെട്ടെന്നു വിറ്റു പണമാക്കാവുന്ന സുരക്ഷിത നിക്ഷേപമെന്നതാണു കാരണം. ജപ്പാന് 1,07900 കോടി ഡോളറും ചൈനയ്ക്ക് 76000 കോടി ഡോളറും ബോണ്ട് നിക്ഷേപമുണ്ട്.
Source link