ഗുരുദർശന പഠനം ശാസ്ത്രീയമാകണം:സ്വാമി സച്ചിദാനന്ദ

ശിവഗിരി : ശ്രീനാരായണ ഗുരുദേവനെ കുറിച്ചുള്ള പഠനം ശാസ്ത്രീയമാകണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയിലെ അവധിക്കാല പഠന ക്യാമ്പ് നയിക്കുകയായിരുന്നു. ഗുരുവിന്റെ 73വർഷത്തെ ജീവിതം ഗുരുദേവ കൃതികളുമായി ചേർത്തുവച്ച് പഠിച്ചാൽ മാത്രമേ പഠനം ആകുകയുള്ളൂ. അതീഥി, ബോധം,ആചരണം, പ്രചരണം എന്നത് തത്വദർശനത്തിന്റെ അടിസ്ഥാനമാണ്. പഠിക്കുക, ഉൾക്കൊള്ളുക, ആചരിക്കുക ഇതിനുശേഷമാണ് പ്രചരണം. ഗുരുദർശനത്തെ സംബന്ധിച്ച് ആദ്യത്തേതായ മൂന്നു കാര്യങ്ങൾ നിർവഹിക്കാതെ പലരും പ്രചരണത്തിൽ മുഴുകി കഴിയുന്നത് പ്രസ്ഥാനത്തിന് ദൂരവ്യാപകമായ ദോഷം ചെയ്യും. ജാതി,മതം,ദേശം തുടങ്ങിയ ഭേദ ചിന്തകൾക്കതീതമായി വിശ്വദർശനം ചമച്ച മഹാഗുരുവിനെ ഒരു ഘടദീപമാക്കി മാറ്റാനാണ് പലരും പാടുപെടുന്നത്. ഭാവി ലോകത്തിന്റെ പ്രവാചകനായി പ്രകാശിക്കുന്ന ഗുരുവിലേക്ക് ആഴ്ന്നിറങ്ങുവാൻ രാജ്യമൊട്ടാകെ ശ്രീനാരായണ ദാർശനിക പഠന ക്ലാസുകൾ നടക്കേണ്ടതുണ്ട്. ശിവഗിരി മഠം അതിനെല്ലാവിധ പ്രോത്സാഹനവും നൽകുമെന്നും സ്വാമി പറഞ്ഞു.
Source link