ജയിൽ ഒഴിവാക്കാൻ രോഗം പറഞ്ഞാൽ ‘നോ’ പറയണം, പകുതിവില തട്ടിപ്പുകേസിൽ ഹൈക്കോടതി

കൊച്ചി: രോഗത്തിന്റെ പേരിൽ റിമാൻഡ് ഒഴിവാക്കാൻ ശ്രമിക്കുന്ന പ്രതികളോട് കോടതികൾ ‘ബിഗ് നോ” പറയണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തീർത്തും അവശരല്ലെങ്കിൽ നേരെ ജയിലിലേക്ക് വിടണം. പ്രധാന ജയിലുകളിൽ ചികിത്സാസൗകര്യവും ആരോഗ്യപ്രവർത്തകരുമുണ്ട്. അത് മതിയാകില്ലെങ്കിൽ ജയിൽ ഡോക്ടറുടെ തീരുമാനപ്രകാരം ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകണമെന്നാണ് നിയമം. മെഡിക്കൽ ബോർഡ് രൂപീകരിക്കുകയുമാകാം. ഇതുപ്രകാരം വേണം ജാമ്യം തീരുമാനിക്കാൻ. ആരോഗ്യകാര്യങ്ങളിൽ കോടതികൾക്കല്ല വൈദഗ്ദ്ധ്യം. പകുതി വില തട്ടിപ്പ് കേസ് പ്രതി കെ.എൻ. ആനന്ദകുമാറിന് ജാമ്യം നിഷേധിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരാർശം.
തടവറയിലേക്കാണ് പോകേണ്ടതെന്നും മെഡിക്കൽ ടൂറിസത്തിനല്ലെന്നുമുള്ള ബോദ്ധ്യം കുറ്റവാളികൾക്കുണ്ടാകണം. ജയിലിന് അകത്തും പുറത്തുമുള്ളവരെ ഒരുപോലെ കാണാനാകില്ല. തടവുകാർക്ക് മൗലികാവകാശങ്ങളുണ്ടെങ്കിലും ചില നിയന്ത്രണങ്ങളുണ്ട്.
ലക്ഷ്വറി ഇല്ലെങ്കിലും ജയിലിൽ മതിയായ ചികിത്സാസൗകര്യങ്ങളുണ്ടെന്ന് ജയിൽ ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി ചൂണ്ടിക്കാട്ടി.
70കാരനായ ആനന്ദകുമാറിന് ഹൃദയത്തിൽ 90 % ബ്ലോക്കുണ്ടെന്നും വിദഗ്ദ്ധ ചികിത്സയ്‌ക്കായി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഹർജിക്കാരനെതിരെ ഗുരുതര കുറ്റകൃത്യമാണ് ആരോപിക്കപ്പെടുന്നത്. സത്യങ്ങളെല്ലാം പുറത്തുവരണം. ഈഘട്ടത്തിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
മതവിദ്വേഷക്കേസിൽ ജാമ്യം നിഷേധിച്ചപ്പോൾ പി.സി. ജോർജ് ആശുപത്രിയിൽ പോയതും അസുഖത്തിന്റെ പേരിൽ പുറത്തിറങ്ങിയതും ഹൈക്കോടതി വീണ്ടും ചൂണ്ടിക്കാട്ടി. കേസ് ഉപകാരമായെന്ന് ജോർജിന്റെ മകൻ നടത്തിയ പരാമർശം, കോടതികൾ ജാഗ്രത പാലിക്കേണ്ടതിലേക്കാണ് വിരൽചൂണ്ടുന്നതെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
പ്രൊഫൈലിൽ കലാമും
പ്രധാനമന്ത്രിയും!
പകുതി വില തട്ടിപ്പിലെ പ്രധാന ഇൻഫ്ലുവൻസർ ആനന്ദകുമാറാണെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലും ഉത്തരവിൽ ഉൾപ്പെടുത്തി. ഇദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് എൻ.ജി.ഒ പ്രവർത്തകർ പണം നൽകിയത്. ആനന്ദകുമാരിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിനും സച്ചിൻ ടെൻഡുൽക്കറിനും ഒപ്പമുള്ള ചിത്രങ്ങളാണ്. ഒന്നാംപ്രതി അനന്തുവിന്റെ പ്രൊഫൈൽ പ്രധാനമന്ത്രിക്കൊപ്പമുള്ളതാണെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.
Source link