BUSINESS

ഇന്ത്യയുടെ ഐഫോൺ കയറ്റുമതിക്ക് മുന്നേറ്റത്തിന്റെ ‘മധുരം’; ചൈനയ്ക്ക് ഇരട്ട ഷോക്ക്


ന്യൂഡൽഹി ∙ കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി 2 ലക്ഷം കോടി രൂപ കടന്നതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിൽ 1.5 ലക്ഷം കോടി രൂപ ആപ്പിൾ ഐഫോണുകളുടെ കയറ്റുമതിയിൽ നിന്നാണ്. ഫോണുകളുടെ കയറ്റുമതിയിൽ തൊട്ടുമുൻപത്തെ സാമ്പത്തികവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 54% വർധനയുണ്ട്. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളിലൊന്നാണ് ഇപ്പോൾ മൊബൈൽ ഫോണുകൾ.രാജ്യത്തെ ഇലക്ട്രോണിക്സ് ഉൽപാദനം 5 മടങ്ങും കയറ്റുമതി 6 മടങ്ങും കഴിഞ്ഞ 10 വർഷത്തിനിടയിൽ വർധിച്ചതായും മന്ത്രി പറഞ്ഞു. എന്നാൽ യുഎസ് തീരുവ സംബന്ധിച്ച ചോദ്യങ്ങൾക്കൊന്നും കേന്ദ്രമന്ത്രി പ്രതികരിക്കാൻ തയാറായില്ല. ചൈനയടക്കമുള്ള രാജ്യങ്ങൾക്ക് യുഎസ് ഉയർന്ന തീരുവ ഏർപ്പെടുത്തിയതു മൂലം തീരുവ കുറഞ്ഞ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ നിന്ന് ഐഫോൺ കയറ്റുമതി കൂടിയേക്കുമെന്നാണ് സൂചന.ട്രംപിന്റെ തീരുവ പ്രാബല്യത്തിൽ വരുന്നത് മുന്നിൽ കണ്ട് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമായി 5 വിമാനം നിറയെ ഐഫോണുകൾ യുഎസിലേക്ക് കയറ്റിയച്ചതായാണ് റിപ്പോർട്ടുകൾ.  യുഎസ് വിപണിയിൽ ഐഫോണുകൾക്കുണ്ടാകുന്ന വിലക്കയറ്റം താൽകാലികമായി പിടിച്ചുനിർത്താനായിരുന്നു നീക്കം.


Source link

Related Articles

Back to top button