KERALAM

ബഹുനില  സമുച്ചയത്തിലെ ഓരോ  ഫ്ളാറ്റിനും  തണ്ടപ്പേർ, സ്വന്തം പേരിൽ കരം ഒടുക്കാം

തിരുവനന്തപുരം: ബഹുനില സമുച്ചയങ്ങളിലെ ഓരോ ഫ്ളാറ്റിനും പ്രത്യേകം തണ്ടപ്പേരും കൈവശാവകാശ സർട്ടിഫിക്കറ്റും നൽകും. ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങും. ഫ്ളാറ്റ് ഉടമയ്ക്ക് സ്വന്തം പേരിൽ കരം ഒടുക്കാൻ അവകാശം ലഭിക്കുമെന്നതാണ് പ്രധാന നേട്ടം. ഫ്ളാറ്റുകൾ പണയപ്പെടുത്താനും ജപ്തി നേരിടുന്ന ഫ്ളാറ്റുകൾ വിൽക്കാനും നേരിടുന്ന തടസങ്ങൾ ഇല്ലാതാവും.

ഓരോ സമുച്ചയവും നിലനിൽക്കുന്ന ആകെ ഭൂമി ഒറ്റ തണ്ടപ്പേരായി കണക്കാക്കിയാണ് ഇപ്പോൾ പോക്കുവരവ് അനുവദിക്കുന്നത്. ഫ്ളാറ്റുടമകൾക്ക് സ്വന്തം പേരിൽ കരം ഒടുക്കാൻ സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാൻ ലാൻഡ് റവന്യുകമ്മിഷണർ സർക്കാരിലേക്ക് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഉത്തരവ് ഇറക്കുന്നതിന്റെ മുന്നോടിയായി ഇന്നലെ റവന്യു മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥതല ചർച്ച നടത്തി. അഞ്ചുവർഷം കൊണ്ടാണ് സാങ്കേതിക തടസങ്ങൾ നീക്കി നടപടികൾ പൂർത്തിയാക്കിയത്.

സ്ഥലത്തിന് മാതൃതണ്ടപ്പേർ,

ഫ്ളാറ്റിന് ഉപനമ്പർ

ഫ്ളാറ്റ് സമുച്ചയം നിൽക്കുന്ന ആകെ ഭൂമിക്ക് മാതൃ തണ്ടപ്പേർ അനുവദിക്കും. ഓരോ ഫ്ളാറ്റ് ഉടമയ്ക്കും മാതൃതണ്ടപ്പേർ ഉൾപ്പെടുത്തി പ്രത്യേകം സബ് നമ്പർ അനുവദിക്കും. അതിൽ പോക്കുവരവ് നടത്തി കരം ഒടുക്കാം. തണ്ടപ്പേർ വിവരങ്ങൾ ഓൺലൈനായി സൂക്ഷിച്ചിട്ടുള്ള റെലിസ് (ReLIS)പോർട്ടലിൽ ആവശ്യമായ മാറ്റം വരുത്തും. ഫ്ളാറ്റുടമകളുടെ പേരിൽ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർക്ക് അനുവദിക്കാനാകും. ഇതിനായി ഓൺലൈൻ മൊഡ്യൂളായ ഇ-ഡിസ്ട്രിക്ടിലും മാറ്റങ്ങൾ വരുത്തും

# ഫ്ളാറ്റുകൾ രണ്ട് ലക്ഷത്തോളം

സർക്കാർ കണക്ക് പ്രകാരം സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം ഫ്ളാറ്റുകളുണ്ട്. എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ. സുനാമി, തീരമൈത്രി, ലൈഫ് പദ്ധതികളിലായി 17,000 ഫ്ളാറ്റുകൾ സർക്കാർ നിർമിച്ചിട്ടുണ്ട്. സർക്കാർ ഫ്ളാറ്റുകൾ പോക്കുവരവ് ചെയ്തിട്ടില്ല.


Source link

Related Articles

Back to top button