‘പദവി വേണോ, പണിയെടുക്കണം’; പാർട്ടിക്ക് കരുത്തേകാൻ കർശന നടപടികളുമായി എഐസിസി

പാർട്ടിക്കു വേണ്ടി പണിയെടുക്കാത്തവർക്കു പദവികളിൽ നിന്നു നിർബന്ധിത വിരമിക്കലുണ്ടാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സംഘടനാപരിഷ്കരണം മുഖ്യലക്ഷ്യമാക്കി നടത്തിയ എഐസിസി സമ്മേളനത്തിനെത്തിയ 1700–ൽ പരം പ്രതിനിധികൾക്കാണ് ഖർഗെ ഈ മുന്നറിയിപ്പ് നൽകിയത്. ‘പാർട്ടിക്കായി ജോലി ചെയ്യാത്തവർ ഒഴിയണം, ഉത്തരവാദിത്തം നിറവേറ്റാത്തവർ പദവിയിൽ നിന്നു വിരമിക്കണം’– അദ്ദേഹം വ്യക്തമാക്കി. ഡിസിസി പ്രസിഡന്റുമാരുടെ ശാക്തീകരണ നടപടി തന്നെയാകും സംഘടനയിൽ വരുത്താനുദ്ദേശിക്കുന്ന പ്രധാന മാറ്റമെന്നു വ്യക്തമാക്കിയായിരുന്നു ഖർഗെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സംസാരിച്ചത്. ഡിസിസികൾക്കും അധ്യക്ഷന്മാർക്കും പ്രവർത്തന മാർഗരേഖയിറക്കും. അതു കർശനമായി പാലിക്കണം. ഡിസിസികൾക്കു കീഴിലെ മുഴുവൻ കമ്മിറ്റികളും അടുത്ത ഒരു വർഷത്തിനുള്ളിൽ അധ്യക്ഷന്മാർ പുനഃസംഘടിപ്പിക്കണമെന്നതാണ് മാർഗരേഖയിലെ പ്രധാന വ്യവസ്ഥ.സമ്മേളനത്തിനു പിന്നാലെ, ഡിസിസികളുടെ ശാക്തീകരണ നടപടികളിലേക്കു കേന്ദ്രനേതൃത്വം കടക്കുകയാണെന്നു സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. മാറ്റം പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടപ്പാക്കുന്ന ഗുജറാത്തിൽ 15നു ചേരുന്ന യോഗത്തിൽ ഖർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കും. 28ന് രാജസ്ഥാനിലും യോഗം ഉണ്ട്. ഇതിന്റെ തുടർച്ചയായി എല്ലാ സംസ്ഥാനങ്ങളിലും ഖർഗെയും രാഹുലും പങ്കെടുക്കുന്ന യോഗം വിളിക്കും. കീഴ്ഘടകങ്ങളെ എങ്ങനെ നവീകരിക്കണം എന്ന ആലോചനയും യോഗത്തിൽ ഉണ്ടാകും. ഡിസിസി പ്രസിഡന്റുമാരെ കണ്ടെത്താനുള്ള നടപടികളും ഇതോടനുബന്ധിച്ച് നടക്കും. 2 ദിവസമായി നടന്ന എഐസിസിയുടെ 84–ാം സമ്മേളനം ഇന്നലെ സമാപിച്ചു.
Source link