ക്രൈസ്തവരുടെ ഭൂമിയാണ് അടുത്ത ലക്ഷ്യം: രാഹുൽ

അഹമ്മദാബാദ്: വഖഫ് ബിൽ മതസ്വാതന്ത്ര്യത്തിനുനേരേയുള്ള ആക്രമണമാണെന്നും ക്രൈസ്തവരുടെ ഭൂമിയാണ് ആർഎസ്എസിന്റെ അടുത്ത ലക്ഷ്യമെന്നും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സൗഹൃദത്തെക്കുറിച്ച് വീന്പിളക്കിയിരുന്ന പ്രധാനമന്ത്രി മോദി, ഇന്ത്യൻ ഇറക്കുമതിക്ക് ട്രംപ് ഏർപ്പെടുത്തിയ തീരുവകളെക്കുറിച്ച് മിണ്ടാതെ ഒളിച്ചിരിക്കുകയാണെന്നും എഐസിസി സമ്മേളനത്തിൽ പ്രസംഗിക്കവേ പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സംവരണത്തിലെ 50 ശതമാനം വിലക്ക് കോണ്ഗ്രസ് ഇല്ലാതാക്കുമെന്ന് രാഹുൽ പ്രഖ്യാപിച്ചു. ഒബിസികളുടെ സംവരണം 42 ശതമാനമായി ഉയർത്തിക്കൊണ്ടാണ് കോണ്ഗ്രസ് സർക്കാർ തെലുങ്കാനയിൽ ഇത് ഇതിനകം നടപ്പാക്കിയത്. രാജ്യത്തു ജാതി സെൻസസ് നടത്താൻ കോണ്ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. തെലുങ്കാനയിലെ കോണ്ഗ്രസ് സർക്കാർ ജാതി സെൻസസ് നടത്തി. ദളിതർ, ഒബിസി, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, പൊതുജാതികളിൽനിന്നുള്ള ദരിദ്രർ എന്നിവരുൾപ്പെടെ അവിടുത്തെ ജനസംഖ്യയുടെ 90 ശതമാനത്തിനും എവിടെയും ഒരു പങ്കുമില്ലെന്ന് ജാതി സെൻസസ് വെളിപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയുണ്ട്.
രാജസ്ഥാനിൽ ദളിതയായ ടിക്കാ റാം ജൂലി സന്ദർശിച്ച ക്ഷേത്രം കഴുകിയ നടപടിയിലുടെ ബിജെപിയുടെ ദളിത് വിരുദ്ധ സമീപനം വീണ്ടും വ്യക്തമായെന്ന് രാഹുൽ പറഞ്ഞു. ഭരണഘടനയെയും ഭരണഘടനാസ്ഥാപനങ്ങളെയും ബിജെപി സർക്കാർ എല്ലാ ദിവസവും ആക്രമിക്കുകയാണ്. പരസ്യമായി ചെയ്യാൻ കഴിയാത്തതിനാൽ അവരതു രഹസ്യ അജൻഡയോടെയാണു ചെയ്യുന്നത്. ഇന്ത്യൻ ഭരണഘടനയെ ആർഎസ്എസ് അംഗീകരിച്ചില്ല. ഭരണഘടന അംഗീകരിച്ച ദിവസം ഡൽഹിയിലെ രാംലീല മൈതാനിയിൽ അവർ ഒരു പ്രതിഷേധ പ്രകടനം നടത്തിയെന്നും അവിടെ ആർഎസ്എസ് പ്രവർത്തകർ ഭരണഘടനയുടെ പകർപ്പുകൾ കത്തിച്ചുവെന്നും രാഹുൽ ഗാന്ധി ഓമപ്പെടുത്തി. ഡിഡിസി പ്രസിഡന്റുമാർക്ക് കൂടുതൽ അധികാരങ്ങളും ഉത്തരവാദിത്വവും നൽകും. അവരെ കോണ്ഗ്രസ് പാർട്ടിയുടെ അടിത്തറയാക്കും. കൃത്രിമം കാണിച്ചാണ് ബിജെപി മഹാരാഷ്ട്ര തെരഞ്ഞെടുപ്പു വിജയിച്ചതെന്ന് രാഹുൽ സൂചിപ്പിച്ചു. മഹാരാഷ്ട്ര വോട്ടർ പട്ടിക കോണ്ഗ്രസിനു നൽകാൻ തെരഞ്ഞെടുപ്പു കമ്മീഷന് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
Source link