സർവേശ്വരകാരകനായ വ്യാഴം മിഥുനം രാശിയിലേക്ക്, ഒരു വർഷക്കാലം അനുകൂലമാവാൻ

2025 മേയ് 14 ന് (1200 മേടമാസം 31 ന്) 41 നാഴിക 12 വിനാഴികക്ക് വ്യാഴം ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്ക് മാറുകയാണ്. ഒരു വ്യക്തിയുടെ ജാതകത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഒരാളുടെ ജാതകത്തിലെ ഭാഗ്യം, ദൈവാധീനം, അനുഭവ യോഗങ്ങൾ ലഭിക്കുന്ന അവസരങ്ങൾ , പ്രയോജനപ്പെടുത്താനുള്ള അവസ്ഥ മുതലായവയെല്ലാം വ്യാഴത്തെ കൊണ്ട് ചിന്തിക്കാവുന്നതാണ്. മറ്റെല്ലാ ഗ്രഹസ്ഥിതികളും അനുകൂലമാണെങ്കിലും വ്യാഴത്തിന്റെ സ്ഥിതി ദോഷകരമാണെങ്കിൽ അനുഭവ ഗുണം കുറയും ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും ഒരു ദൈവാധീനക്കുറവ് അനുഭവപ്പെടും.ധാർമ്മികനും സാത്വികനുമാണ് വ്യാഴം. സകല ഗുണ സമ്പൂർണൻ എന്ന വിശേഷണം ഒരിക്കലും വ്യാഴത്തിന്റെ കാര്യത്തിൽ അതിശയോക്തിയാവുന്നില്ല. വേദശാസ്ത്രങ്ങൾ, നീതിന്യായം, ആചാരനുഷ്ഠാനങ്ങൾ പലതരം ചിന്താ പദ്ധതികൾ പഴയതും പുതിയതുമായ വിദ്യകൾ, കലകൾ എന്നിവയിലെല്ലാം ഉന്നതമായ ജ്ഞാനമുള്ളവനാണ്. ദീന, ദയ, ത്യാഗശീലം, അഹന്താവിഹീനത, നീതിബോധം തുടങ്ങിയ ഉത്തമഗുണങ്ങളുടെ ഇരിപ്പിടമാണ് വ്യാഴം. നന്മയിൽ വേരൂന്നിയ വ്യക്തിത്വവും തിൻമയോടുള്ള സന്ധിയില്ലാത്ത സമരവും ഈ ഗ്രഹത്തെ നവഗ്രഹങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഉത്തമനാക്കുന്നു. ഈ പ്രപഞ്ചത്തിലുള്ള സർവ ചൈതന്യത്തെയും ശുദ്ധീകരിച്ച് പ്രസരിക്കാനുള്ള കഴിവ് വ്യാഴത്തെപ്പോലെ മറ്റൊരു ഗ്രഹത്തിനുമില്ല. ഉൽകൃഷ്ഠമായമാനസികാവസ്ഥയിലേക്ക് മനുഷ്യനെ നയിക്കുന്ന ശക്തി വിശേഷമാണ് വ്യാഴം.വ്യാഴം ജാതകത്തിൽ ആറ്, ഏട്ട്, പന്ത്രണ്ട് തുടങ്ങിയ സ്ഥാനങ്ങളിൽ നിൽക്കുന്നത് നന്നല്ല. പുത്രകാരകനാണ് വ്യാഴം. മക്കളുടെ ആരോഗ്യം ഇടക്കിടെ പ്രശ്നത്തിലാവുന്നതിനും മക്കളും നിങ്ങളും തമ്മിൽ ഇടക്കിടെ പ്രശ്നങ്ങളുണ്ടാവുന്നതിനും മക്കൾ വിട്ടു പിരിഞ്ഞു പോവുന്നതിനും കാരണം വ്യാഴം അനിഷ്ടസ്ഥാനത്താവുന്നതാവാം. ഓർമശക്തി, സ്ത്രീകൾക്ക് ഗർഭപാത്ര തകരാറുകൾ, ഉദരരോഗങ്ങൾ തലചുറ്റൽ, രക്തസമ്മർദം, പാരമ്പര്യ രോഗങ്ങൾ, മാനസിക സമ്മർദം എന്നിവ വ്യാഴ ദോഷത്താൽ വന്നേക്കും. അതുകൊണ്ട് ചെലവുകളും ഇരട്ടിക്കും. വ്യാഴം ദുർബലമായ വ്യക്തികൾക്ക് കർമ ശക്തിയിലും ഈശ്വരവിശ്വാസത്തിലും പാരമ്പര്യ വിശ്വാസങ്ങളിലും കുറവ് വരും. ഉപാസനാദി കാര്യങ്ങളിൽ നിഷ്കർഷ കുറയും. ഗുരുജനങ്ങളോടും മറ്റു ബഹുമാന്യരോടും ഉള്ള ബഹുമാനം കുറഞ്ഞിരിക്കും. നിരാശാബോധം, ഉൽകണ്ഠ എന്നിവ ഏറിയിരിക്കും. ഗുരുവിന്റെ ദശാപഹാരകാലങ്ങളിൽ ഇവ വളരെ വർധിക്കുന്നതായും കണ്ടുവരുന്നു.
Source link