LATEST NEWS

കരുവന്നൂർ കേസ്: കെ.രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്തത് 8 മണിക്കൂർ; സിപിഎം ബന്ധത്തിൽ വ്യക്തത തേടി


കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ ആലത്തൂർ എംപി കെ.രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് കൊച്ചി ഇ.ഡി ഓഫിസിൽ പൂർത്തിയായത്. ‘‘ചില കാര്യങ്ങളിൽ ഇഡി വ്യക്തത തേടിയിട്ടുണ്ട്. ഇ.ഡി വീണ്ടും വിളിപ്പിച്ചിട്ടില്ല. സിപിഎം തൃശൂർ ജില്ലാകമ്മിറ്റിക്ക് തന്റെ കാലയളവിനോ അതിനു ശേഷമോ കരുവന്നൂർ ബാങ്കിൽ അക്കൗണ്ടില്ല.’’ – ഇ.ഡിയുടെ ചോദ്യം ചെയ്യലിനു ശേഷം കെ.രാധാകൃഷ്ണൻ പറഞ്ഞു. നേരത്തെ ഇ.ഡി ആവശ്യപ്പെട്ട സ്വത്ത് വിവരങ്ങൾ കെ.രാധാകൃഷ്ണൻ കൈമാറിയിരുന്നു. കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് കെ. രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്തത്. രാവിലെ പതിനൊന്ന് മണിയോടെയാണ് കെ. രാധാകൃഷ്ണന്‍ എംപി ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ രണ്ടു തവണ ഇ.ഡി നോട്ടിസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി കെ.രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. പാർട്ടി കോൺഗ്രസിനു ശേഷം തിങ്കളാഴ്ച മധുരയില്‍നിന്ന് തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് രാവിലെയോടെ കൊച്ചിയിലെത്തിയത്. കെ.രാധാകൃഷ്ണന്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി കേസിൽ അന്വേഷിക്കുന്നത്. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറിയേയും ഇഡി മുന്‍പ് ചോദ്യം ചെയ്തിരുന്നു.


Source link

Related Articles

Back to top button