സദാചാര പൊലീസിങ് കോടതിയുടെ ജോലിയല്ല: സുപ്രീം കോടതി

ന്യൂഡൽഹി ∙ സദാചാര പൊലീസിങ് കോടതിയുടെ ജോലിയല്ലെന്നു സുപ്രീം കോടതിയുടെ വിമർശനം. ജൈന സന്യാസി തരുൺ സാഗറിനെ പരിഹസിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനു ഗായകൻ വിശാൽ ദദ്‌ലാനി, പൊതു പ്രവർത്തകൻ തെഹ്സീൻ പൂനവാല എന്നിവർക്കു 10 ലക്ഷം രൂപ വീതം പിഴ ചുമത്തിയ പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഉത്തരവു റദ്ദാക്കിയാണു സുപ്രീം കോടതിയുടെ നിരീക്ഷണം. ഇരുവർക്കുമെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ പിഴ ചുമത്തുകയും ചെയ്തു. ഇതിനെതിരെയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. ഇരുവരും കുറ്റം ചെയ്തിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടനയുടെ മൗലികാവകാശത്തിൽ ഉറപ്പു നൽകുന്നതാണെന്നും വിധിച്ച ഹൈക്കോടതി ഇവർക്കെതിരെ പിഴ ചുമത്താൻ പാടില്ലായിരുന്നുവെന്നു ജസ്റ്റിസുമാരായ അഭയ് എസ്. ഓക്, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. സന്യാസിയുടെയും കേസിൽ ഉൾപ്പെട്ട ഇരുവരുടെയും സംഭാവനകളെ താരതമ്യം ചെയ്തു ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ തള്ളിയ സുപ്രീം കോടതി സദാചാര പൊലീസിങ് നടത്തുക എന്നതു കോടതിയുടെ കടമയല്ലെന്നും വ്യക്തമാക്കി.ഹരിയാന ഗവൺമെന്റിന്റെ ക്ഷണം സ്വീകരിച്ച് നിയമസഭയിൽ പ്രസംഗിച്ച ജൈന മതത്തിൽപെട്ട നഗ്ന സന്യാസി തരുൺ സാഗറിനെതിരെ സമൂഹമാധ്യമ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടായിരുന്നു 2016ൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇതു ഹൈക്കോടതി 2019ൽ റദ്ദാക്കിയിരുന്നെങ്കിലും 10 ലക്ഷം രൂപ വീതം പിഴ ചുമത്തുകയായിരുന്നു.
Source link