‘പൊലീസ് മുറയിലുള്ള ചോദ്യംചെയ്യലല്ല നടന്നത്’, വിളിപ്പിച്ചത് പലരും നൽകിയ മൊഴികളിൽ വ്യക്തത വരുത്താനെന്ന് കെ രാധാകൃഷ്‌ണൻ

കൊച്ചി: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ശേഷം സിപിഎം എംപി കെ രാധാകൃഷ്‌ണൻ മടങ്ങി. ഇഡി കൊച്ചി ഓഫീസിലാണ് അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായത്. കരുവന്നൂർ കേസിൽ പലരും നൽകിയ മൊഴികളിൽ വ്യക്തത വരുത്താനാണ് ഇഡി തന്നെ വിളിപ്പിച്ചതെന്ന് അദ്ദേഹം പുറത്തിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആധാർ, പാൻകാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ നേരത്തെ കൈമാറിയതാണ്. പൊലീസ് മുറയിൽ ചോദ്യം ചെയ്യലല്ല നടക്കുന്നതെന്നും ജില്ലാ സെക്രട്ടറിയായി താൻ സ്ഥാനംവഹിച്ച രണ്ടര വർഷക്കാലത്തോ അതിന് മുൻപോ ശേഷമോ കരുവന്നൂർ ബാങ്കിൽ സിപിഎം ജില്ലാ കമ്മിറ്റിയ്‌ക്ക് നിക്ഷേപമൊന്നും ഉണ്ടായിരുന്നില്ലെന്നും കെ രാധാകൃഷ്‌ണൻ അറിയിച്ചു.
രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും പാർലമെന്റ് സമ്മേളനം, സി.പി.എം പാർട്ടി കോൺഗ്രസ് എന്നിവ ഉന്നയിച്ച് കെ രാധാകൃഷ്ണൻ സമയം നീട്ടി ചോദിച്ചിരുന്നു. തുടർന്നാണ് പാർട്ടി കോൺഗ്രസിനുശേഷം ഹാജരാകാൻ ഇ.ഡി സമയം അനുവദിച്ചത്. കെ. രാധാകൃഷ്ണൻ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ പാർട്ടിയുടെ വരുമാന കണക്ക്, ബാങ്ക് ഭരണവുമായുള്ള ബന്ധം എന്നിവ അറിയാനായിരുന്നു നോട്ടീസ്. ഈ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിഞ്ഞത്. അതേസമയം ഇഡി വീണ്ടും വിളിപ്പിച്ചിട്ടില്ല എന്നും താൻ പ്രതിയാണെന്ന തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങളിൽ അടിസ്ഥാനമില്ലെന്നും കെ രാധാകൃഷ്‌ണൻ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയപ്പോൾ വ്യക്തമാക്കി.
Source link