നേട്ടമുണ്ടാക്കാൻ ചെമ്പരത്തി പൂവും! വീട്ടുമുറ്റത്തെ ചെമ്പരത്തി ചെടിയിൽ നിന്നും വളർന്ന സംരംഭം

വേനൽ ചൂടിൽ നിന്നും രക്ഷ നേടാൻ അല്പം ചെമ്പരത്തി സ്ക്വാഷ് ആയാലോ? ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ചെമ്പരത്തിയിൽ നിന്നും പാനീയങ്ങൾ നിർമിച്ചു വിപണിയിലെത്തിക്കുകയാണ് ലിസ്മാസ് എന്ന ബ്രാൻഡും സംരംഭക ദമ്പതിമാരായ വലേറിയനും ഭാര്യ ലിസിയുംനേരായ മാർഗത്തിൽ വരുമാനം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്ക് മുന്നിലും മാർഗങ്ങൾ അനവധിയാണെന്നു തെളിയിക്കുകയാണ് കൊച്ചി, ഇരുമ്പനം സ്വദേശികളായ വലേറിയനും ലിസിയും. സംരംഭക ദമ്പതിമാരായ ഇവരെ സംരംഭകത്വത്തിലേക്ക് എത്തിച്ചത് വീട്ടുമുറ്റത്തെ സമൃദ്ധമായ ചെമ്പരത്തികളാണ്. താളിയുണ്ടാക്കാനും ചായയുണ്ടാക്കാനും ഒക്കെ ഉപയോഗിക്കുന്ന ചെമ്പരത്തിയിൽ നിന്നും ശീതളപാനീയങ്ങളും നിർമിക്കാമെന്ന് വലേറിയനും ഭാര്യ ലിസിയും മനസിലാക്കുന്നത് കോഴിക്കോട് നടന്ന ഒരു കാർഷികോൽപ്പന്ന മേളയിലൂടെയാണ്. അന്ന് അതിന്റെ നിർമാതാക്കളോട് നിർമാണ രീതിയെപ്പറ്റി ഏറെ അന്വേഷിച്ചെങ്കിലും അവർ തങ്ങളുടെ ട്രേഡ് സീക്രട്ട് പുറത്ത് പറയാൻ തയ്യാറായില്ല.എന്നാൽ ആഗ്രഹിച്ച കാര്യത്തിൽ നിന്നും പിന്മാറാൻ ഇരുവരും തയ്യാറായില്ല. വീട്ടിൽ സമൃദ്ധമായി നിൽക്കുന്ന ചെമ്പരത്തിയിൽ നിന്നും അധികവരുമാനമുണ്ടാക്കാനുള്ള മാർഗമായി ഇരുവരും ഇതിനെ കണ്ടു. തുടർന്ന് കാർഷികരംഗത്തെയും ഭക്ഷ്യോൽപ്പന്ന നിർമാണരംഗത്തെയും പരിചയസമ്പന്നരായ ആളുകളോട് ചെമ്പരത്തിയിൽ നിന്നുള്ള ശീതളപാനീയങ്ങളുടെ നിർമാണത്തെപ്പറ്റി ചോദിച്ചു മനസിലാക്കി. കാർഷിക സംരംഭകത്വ രംഗത്ത് ഏറെ നാളായി പ്രവർത്തിക്കുന്ന ഇരുവരും കിട്ടിയ നിർദേശങ്ങളിലൂടെ പാനീയത്തിന്റെ നിർമാണം ആരംഭിച്ചു. സ്വയം രുചിച്ചു നോക്കി ഇഷ്ടമായപ്പോൾ അടുത്തുള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകി. മികച്ച അഭിപ്രായങ്ങൾ എല്ലാവരിൽ നിന്നും ലഭിച്ചതോടെ ചെമ്പരത്തിയിൽ നിന്നുള്ള സ്‌ക്വാഷും ജ്യൂസും വിപണിയിലെത്തിക്കാൻ ഇരുവരും തീരുമാനിച്ചു.
Source link