ഇഡിയുടെ നോട്ടപ്പുള്ളി, എന്നിട്ടും ഒപ്പമുള്ളവര്‍ക്കു പിന്തുണ, ധീരനായ നിർമാതാവ്: ആന്റണിയെ പ്രശംസിച്ച് യുവ സംവിധായകൻ

നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ അഭിനന്ദിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ കൃഷ്‌ണേന്ദു കലേഷ്. വിവാദങ്ങൾക്കിടയിലും ആന്റണി പെരുമ്പാവൂർ തന്റെ സിനിമയുടെ അണിയറപ്രവർത്തകർക്ക് നൽകുന്ന പിന്തുണ കയ്യടി അർഹിക്കുന്നുവെന്ന് കൃഷ്‌ണേന്ദു പറയുന്നു. വളരെ സെൻസിറ്റീവ് ആയ ഒരു സിനിമയെ പിന്തുണച്ചതിനാണ് ആന്റണി പെരുമ്പാവൂർ ഇപ്പോൾ ഇഡിയുടെ നോട്ടപ്പുള്ളി ആയത്. വിവാദങ്ങൾക്കിടയിലും തന്റെ സിനിമയ്ക്കും സഹപ്രവർത്തകർക്കും ഐക്യദാർഢ്യവുമായി ഒപ്പം നിൽക്കുന്ന ധീരനായ നിർമാതാവാണ് ആന്റണി എന്ന് കൃഷ്‌ണേന്ദു പറയുന്നു. ‘‘സെൻസിറ്റീവ് ആയ കഥാപശ്ചാത്തലമുള്ള ജനപ്രിയ സിനിമയെ പിന്തുണച്ചതിനാണ് ഈ മനുഷ്യൻ രാഷ്ട്രീയ പ്രേരിതമായ ഇഡിയുടെ നോട്ടപ്പുള്ളിയായത്. എന്നിട്ടും അദ്ദേഹം തന്റെ ടീമിനോട് കാണിക്കുന്ന ഐക്യദാർഢ്യവും പിന്തുണയും കാണുമ്പോൾ അദ്ദേഹത്തെ അഭിനന്ദിക്കാതെ തരമില്ല. വലിയൊരു കയ്യടി ഈ മനുഷ്യൻ അർഹിക്കുന്നുണ്ട്. ഇത്രയും വിവാദങ്ങൾക്കിടയിലും സിനിമയെ പിന്തുണച്ച് ഒപ്പം നിൽക്കുന്ന ഒരു ധീരനായ നിർമാതാവ് ആണ് അദ്ദേഹം. സിനിമയെക്കുറിച്ച് മാത്രമല്ല ഒരു നിർമാതാവ് എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാണ് അദ്ദേഹം.’’–കൃഷ്ണേന്ദുവിന്റെ വാക്കുകൾ.പൃഥ്വിരാജ്, മുരളി ഗോപി എന്നിവർക്കൊപ്പമുള്ള ആന്റണി പങ്കുവച്ച ചിത്രത്തോടപ്പമായിരുന്നു കൃഷ്ണേന്ദുവിന്റെ കുറിപ്പ്. ‘എമ്പുരാന്റെ’ വലിയ വിജയത്തിൽ സംവിധായകനായ പൃഥ്വിരാജിനേയും തിരക്കഥാകൃത്ത് മുരളി ഗോപിയേയും അഭിനന്ദിച്ച് ആന്റണി പെരുമ്പാവൂർ രംഗത്തുവന്നിരുന്നു.
Source link