KERALAM

വീട് ജപ്തി ചെയ്തതിൽ മനംനൊന്ത് വയോധിക മരിച്ചു, 15 ദിവസം സാവകാശം ചോദിച്ചിട്ടും അനുവദിച്ചില്ലെന്ന് ബന്ധുക്കൾ

മലപ്പുറം: പൊന്നാനിയിൽ വീട് ജപ്തി ചെയ്തതിൽ മനംനൊന്ത് വയോധിക മരിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന മാമിയാണ് (85 വയസ്)​ ഇന്ന് പുലർച്ചെ മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പാലപെട്ടി എസ് ബി ഐ ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. വർഷങ്ങൾക്ക് മുൻപ് മാമിയുടെ മകൻ അലിമോൻ വീട് ഈട് വച്ച് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിൽ തിരിച്ചടവൊന്നും ഇല്ലാതെ വന്നതോടെയാണ് ജപ്തി നടന്നത്. അലിമോനെ കാണാതായിട്ട് ദിവസങ്ങൾ കഴിഞ്ഞെന്നും മാമി ഇതിന്റെ വിഷമത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഗുരുതര ആരോപണങ്ങളാണ് ബാങ്കിനെതിരെ ഇന്നയിക്കുന്നത്. ‘ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ മാമിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. വയോധികയെ ചികിത്സിക്കുന്ന ഡോക്ടർ വരെ ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നു. 15 ദിവസത്തെ സാവകാശം ചോദിച്ചിട്ടും അവർ ജപ്തി ചെയ്യുകയായിരുന്നു. ഇതോടെയാണ് മാമിയെ ബന്ധു വീട്ടിലേക്ക് മാറ്റിയത്’- കുടുംബം പ്രതികരിച്ചു.


Source link

Related Articles

Back to top button