മാലിന്യമുക്ത ക്യാമ്പയിന്റെ അംബാസഡറാകാൻ എം ജി ശ്രീകുമാർ; നല്ലൊരു മാതൃകയാണെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത ക്യാമ്പയിന്റെ അംബാസഡറാകാൻ തയാറാണെന്ന് ഗായകൻ എം ജി ശ്രീകുമാർ അറിയിച്ചതായി മന്ത്രി എം ബി രാജേഷ്. കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് തെറ്റാണെന്നും ഒരു മാതൃക എന്ന നിലയിൽ മാലിന്യമുക്ത ക്യാമ്പയിന്റെ അംബാസഡർ ആകാൻ തയ്യാറാണെന്നും എം ജി ശ്രീകുമാർ പറഞ്ഞതായി മന്ത്രി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് എം ബി രാജേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ക്യാമ്പയിനിൽ പങ്കാളിയാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് നല്ലൊരു മാതൃകയാണ്. ഉണ്ടായത് തെറ്റാണ് അതുകൊണ്ടാണ് അപ്പോൾ തന്നെ പിഴയടച്ചത്. മാത്രമല്ല ഇതിനൊരു മാതൃക സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും എം ജി ശ്രീകുമാർ പറഞ്ഞു. നമുക്ക് അതാണ് ആവശ്യം. സഹകരിക്കാൻ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആ വാക്കുകൾ സ്വീകരിച്ചു. ഈ ക്യാമ്പയിനുമായി സഹകരിക്കാൻ ആരെക്കെ തയാറാണോ അവരെയൊക്കെ സഹകരിപ്പിക്കും’,- മന്ത്രി പറഞ്ഞു.
കൊച്ചി കായലിൽ മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി എംജി ശ്രീകുമാർ തന്നെ രംഗത്ത് വന്നിരുന്നു. നോട്ടീസ് വന്ന അടുത്ത ദിവസം തന്നെ പണം അടച്ചെന്നും എം ജി ശ്രീകുമാർ വ്യക്തമാക്കി. എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുളള വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി വീഴുന്നത് മൊബൈൽ ഫോണിൽ പകർത്തിയ വിനോദ സഞ്ചാരിയുടെ വീഡിയോ പുറത്തുവന്നത്. പിഴയായി 25,000 രൂപ അടയ്ക്കണമെന്നായിരുന്നു നോട്ടീസ്. വീഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടീസ് നൽകിയത്.
Source link