മന്ത്രി നെഹ്റുവിന്റെയും എംപിയായ മകന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ്; പിടിച്ചെടുത്തത് നിർണായക രേഖകൾ, ഉപരോധം

ചെന്നൈ∙ മുതിർന്ന ഡിഎംകെ നേതാവും നഗരവികസന മന്ത്രിയുമായ കെ.എൻ.നെഹ്റു, മകനും എംപിയുമായ അരുൺ നെഹ്റു, മന്ത്രിയുടെ സഹോദരങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. റിയൽ എസ്റ്റേറ്റ് ബിസിനസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ എന്നിവിടങ്ങളിലാണു ഇന്നലെ രാവിലെ മുതൽ പരിശോധന നടത്തിയത്.മന്ത്രി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു തിരുച്ചിറപ്പള്ളിയിലെ വസതിയിൽ പരിശോധന. വീട്ടിൽനിന്നു ചില നിർണായക രേഖകൾ അധികൃതർക്കു ലഭിച്ചതായാണു വിവരം. വൈകിട്ട് ആറോടെയാണ് പരിശോധന അവസാനിപ്പിച്ചത്. നെഹ്റുവിന്റെ സഹോദരൻ രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ടിവിഎച്ച് ഗ്രൂപ്പ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണു വിവരങ്ങൾ തേടുന്നത്. അഡയാർ, തേനാംപെട്ട്, ആൽവാർപെട്ട്, സിഐടി കോളനി, ബസന്റ് നഗർ അടക്കം ചെന്നൈയിൽ പത്തിലേറെ സ്ഥലങ്ങളിൽ ഒരേസമയമാണ് തിരച്ചിൽ നടത്തിയത്. രവിചന്ദ്രന്റെ ബിസിനസ് പങ്കാളി കൂടിയായ അരുണിന്റെ വസതിയിലും സ്ഥാപനത്തിലും തിരച്ചിൽ നടത്തിയിട്ടുണ്ട്. മന്ത്രിയുടെ മറ്റൊരു സഹോദരൻ മണിവണ്ണന്റെ കോയമ്പത്തൂരിലെ വീട്ടിലും അധികൃതർ രാവിലെ തന്നെയെത്തി. സിആർപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചാണ് എല്ലായിടങ്ങളിലും പരിശോധന നടത്തിയത്.അതിനിടെ, മന്ത്രിയുടെ തിരുച്ചിറപ്പള്ളിയിലെ വസതിയിലെ പരിശോധനയ്ക്കെതിരെ ഡിഎംകെ പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പിന്നീട്, നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് പിരിഞ്ഞുപോയി. ഡിഎംകെ മന്ത്രിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി നേരത്തേയും തിരച്ചിൽ നടത്തിയിട്ടുണ്ട്. മന്ത്രി ദുരൈമുരുകൻ, മകനും എംപിയുമായ കതിർ ആനന്ദ്, മന്ത്രി കെ.പൊന്മുടി, മകനും മുൻ എംപിയുമായ ഗൗതം സിക്കാമണി, മന്ത്രി ഇ.വി.വേലു എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് മുൻപു പരിശോധന നടത്തിയത്. ജോലിക്കു കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റും ചെയ്തിരുന്നു.
Source link