കാക്കിക്കുപ്പായത്തിന് പെടാപ്പാട്; പകുതി പോലും ‘വനിതകളില്ലാതെ’ സ്റ്റേഷനുകൾ; യഥാർഥ പ്രതിസന്ധി സാമ്പത്തികമോ?

തിരുവനന്തപുരം ∙ കാക്കിക്കുപ്പായം കിട്ടാൻ കല്ലുപ്പിൽ മുട്ടുകുത്തിനിന്നും കറുത്ത തുണി കൊണ്ടു വാമൂടിക്കെട്ടിയും പട്ടിണികിടന്നും സെക്രട്ടേറിയറ്റിനു മുന്നിൽ ദിവസങ്ങളായി കഷ്ടപ്പെടുകയാണ് വനിതാ ഉദ്യോഗാർഥികൾ. പൊലീസ് സേനയിലേക്കുള്ള മറ്റു റാങ്ക് ലിസ്റ്റുകളുടെ അവസ്ഥയും സമാനമാണ്. വനിതാ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ് ഉൾപ്പെടെ പൊലീസ് സേനാവിഭാഗം റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. എസ്‌ഐ, ആംഡ് പൊലീസ് എസ്‌ഐ, പൊലീസ് കോൺസ്റ്റബിൾ, വനിതാ പൊലീസ് കോൺസ്റ്റബിൾ, ഇന്ത്യ റിസർവ് ബറ്റാലിയൻ കോൺസ്റ്റബിൾ ലിസ്റ്റുകളുടെ കാലാവധിയാണ് ദിവസങ്ങൾക്കുള്ളിൽ അവസാനിക്കാനിരിക്കുന്നത്. ഈ പട്ടികകളിൽ നിന്നെല്ലാം മുൻപെന്നത്തേക്കാളും ദയനീയമായ രീതിയിലാണ് നിയമനം നടക്കുന്നതെന്ന ആക്ഷേപമാണ് ഉദ്യോഗാർഥികൾ ഉന്നയിക്കുന്നത്. അനുവദിക്കാവുന്ന തസ്തികകൾ അനുവദിച്ചും റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ഒഴിവുകൾ പരമാവധി റിപ്പോർട്ട് ചെയ്തും നിയമനം ഊർജിതമാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.വനിതാ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റില്‍ ഉൾപ്പെട്ടവർക്ക് വിനയായിരിക്കുന്നത് പുരുഷ പൊലീസ് നിയമനം നടന്നാൽ മാത്രമേ വനിതാ നിയമനവും നടക്കൂ എന്ന രീതിയാണ്. ഏപ്രിൽ 19ന് കാലാവധി അവസാനിക്കുന്ന ലിസ്റ്റിൽനിന്ന് 30 ശതമാനം നിയമനം മാത്രമാണ് നടന്നിരിക്കുന്നത്. പൊലീസ് സേനയിലെ സ്ത്രീ പ്രാതിനിധ്യം 15% ആക്കുമെന്നായിരുന്നു എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം. ഇതിന്റെ ഭാഗമായി 9:1 അനുപാതം നടപ്പാക്കിയെങ്കിലും നിയമനം കുറഞ്ഞു.
Source link