കോട്ടുക്കൽ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിടും

തിരുവനന്തപുരം: കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ഭദ്രകാളി ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടെ ആർ.എസ്.എസ് ഗണഗീതം പാടിയ സംഭവത്തിൽ ക്ഷേത്രം ഉപദേശക സമിതിയെ പിരിച്ചുവിടും. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി. പുതിയ സമിതിയെ തിരഞ്ഞെടുക്കാൻ ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തി.
ഉത്സവം നടത്തിപ്പിൽ ക്ഷേത്ര ജീവനക്കാരെ സഹായിക്കുക മാത്രമാണ് ഉപദേശക സമിതികളുടെ ചുമതലയെങ്കിലും ചില സമിതികൾ ക്ഷേത്രഭരണക്കാരായി മാറുന്നതായി ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രങ്ങളിൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടികളുടേയോ മത,സാമുദായിക സംഘടനകളുടേയോ കൊടിയോ ചിഹ്നമോ വേണ്ടെന്നും വ്യക്തമാക്കി.
ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർമാരുടേയും അസിസ്റ്റന്റ് കമ്മിഷണർമാരുടേയും ഉന്നതതലയോഗം ക്ഷേത്രത്തിൽ ആർ.എസ്.എസ് ഗണഗീതം ആലപിച്ചതിൽ ഉപദേശസമിതിക്ക് ഗുരുതര വീഴ്ചയുണ്ടായതായി വിലയിരുത്തി. ബോർഡിന്റെ ക്ഷേത്രങ്ങളിൽ കൊടികൾ കെട്ടുന്നതിനോ ആശയപ്രചാരണം നടത്തുന്നതിനോ രാഷ്ട്രീയ മത,സാമുദായിക സംഘടനകളെ അനുവദിച്ചാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനിച്ചു.
Source link