നാലുവർഷ ബിരുദം: നൈപുണ്യ പരിശീലനം കോളേജിൽ തന്നെ

കേരളകൗമുദി കഴിഞ്ഞ നാലിന് പ്രസിദ്ധീകരിച്ച റിപ്പോർട്ട്
□കേരള കൗമുദി ചൂണ്ടിക്കാട്ടി; സർക്കാർ തിരുത്തി
തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സുകളുടെ ഭാഗമായുള്ള നൈപുണ്യ പരിശീലനത്തിന് വിദ്യാർത്ഥികൾക്ക് കോളേജിൽ തന്നെ സൗകര്യമൊരുക്കി സർക്കാർ.
ഐ.എച്ച്.ആർ.ഡി, അസാപ്പ്, കെൽട്രോൺ, എൽ.ബി.എസ് തുടങ്ങിയ ഏജൻസികൾക്ക് നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ തുറക്കാം. ഇതിനായി കോളേജുകൾ ഏജൻസികളുമായി ധാരണാപത്രം ഒപ്പിടണം. ക്ലാസ് മുറികളും ലാബുകളുമടക്കം കോളേജുകളുടെ സൗകര്യങ്ങൾ നൈപുണ്യ പരിശീലനത്തിന് ഉപയോഗപ്പെടുത്താം. ഇതോടെ, കുറഞ്ഞ ഫീസിൽ നൈപുണ്യ പരിശീലനത്തിന് അവസരമായി. മാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി.
നൈപുണ്യപരിശീലനം കോളേജിന് പുറത്താണെന്നും കൂടിയ ഫീസാണെന്നും ‘കേരളകൗമുദി’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് അടിയന്തര നടപടികൾ. എല്ലാ കോളേജുകളിലും നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കും. കമ്പ്യൂട്ടർ, സോഫ്‌റ്റ്‌വെയർ അടക്കം വിവിധ മേഖലകളിൽ നൈപുണ്യ പരിശീലനത്തിന് അവസരമുണ്ടാവും. നിലവിൽ കോളേജിനു പുറത്തുള്ള പരിശീലനത്തിന് 6500മുതലുള്ള ഫീസ് പാവപ്പെട്ടവർക്കടക്കം താങ്ങാനാവുമായിരുന്നില്ല. കോളേജുകളിലെ നൈപുണ്യ കേന്ദ്രങ്ങളിൽ തുച്ഛമായ ഫീസായിരിക്കും. അതേസമയം, വ്യവസായ ശാലകളിലടക്കം കുട്ടികൾക്ക് ആവശ്യമെങ്കിൽ കോളേജിന് പുറത്തു പോയി പരിശീലനം നേടാം.
മൂന്ന് സ്കിൽ എൻഹാൻസ്മെന്റ് കോഴ്സുകളാണ് നാലു വർഷ ബിരുദത്തിലുള്ളത്.
ഭൂരിഭാഗം കോളേജുകളിലും അദ്ധ്യാപകരുടെ ജോലിഭാരം ക്രമീകരിച്ച് തസ്തിക നിലനിറുത്താൻ തക്ക വിധമാണ് കോഴ്സുകൾ. നൈപുണ്യ വികസന കേന്ദ്രങ്ങളിൽ അതത് വകുപ്പുകളിലെ അദ്ധ്യാപകരെയും ഉൾപ്പെടുത്തിയുള്ള പരിശീലന കോഴ്സുകളാവും വരുക.
”എല്ലാ കോളേജുകളിലും നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ തുറക്കും. ”
-ഡോ.കെ.എസ് അനിൽകുമാർ
രജിസ്ട്രാർ, കേരള സർവകലാശാല
Source link