മോദി–ഷാ തട്ടകത്തിൽ രാഹുലിന്റെ പരീക്ഷണം; എഐസിസി സമ്മേളനം 64 വർഷത്തിനുശേഷം ഗുജറാത്തിലേക്ക്

അഹമ്മദാബാദ് ∙ 64 വർഷത്തെ ഇടവേളയ്ക്കു ശേഷം എഐസിസി സമ്മേളനത്തിന് ഗുജറാത്ത് വേദിയാകുമ്പോൾ, കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളെക്കാൾ വെല്ലുവിളികളാണു കൂടുതൽ. പാർട്ടിക്കായി താൻ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ ആശയം ഗുജറാത്തിലാണു പരീക്ഷിക്കേണ്ടതെന്നു രാഹുൽ ഗാന്ധി നിശ്ചയിച്ചുറപ്പിച്ചു കഴിഞ്ഞു. എന്നാൽ, കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കൈവന്ന ആത്മവിശ്വാസം ഇക്കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പോടെ കൂടുതൽ ചോർന്നുപോയ നിലയിലാണ് കോൺഗ്രസ്.ലക്ഷ്യം 2027 എഐസിസി സമ്മേളനം ഗുജറാത്തിൽ വിളിക്കാനുള്ള ആശയം രാഹുൽ ഗാന്ധിയുടേതായിരുന്നു. ഒപ്പം, 3 പതിറ്റാണ്ടായി അധികാരമില്ലാതെ തുടരുന്ന പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകാനുള്ള ശ്രമങ്ങളും തുടങ്ങി. കഴിഞ്ഞമാസം രാഹുൽ പാർട്ടിനേതാക്കളുമായി നേരിട്ടു നടത്തിയ ആശയവിനിമയ പരിപാടി ഇതിന്റെ ഭാഗമായിരുന്നു. കോൺഗ്രസിനുള്ളിൽനിന്ന് ബിജെപിയെ സഹായിക്കുന്നവരെക്കുറിച്ചു നേതാക്കൾ രാഹുലിനോടു പരാതിപ്പെടുകയും ചെയ്തു. പാർട്ടി ഇപ്പോൾ ആസൂത്രണം ചെയ്യുന്ന സംഘടനാപരിഷ്കാരം പൈലറ്റ് പ്രോജക്ടായി ഗുജറാത്തിലാകും നടപ്പാക്കുകയെന്നും പാർട്ടിവൃത്തങ്ങൾ സൂചിപ്പിച്ചു.വെല്ലുവിളികൾ ഏറെ തുടർച്ചയായ തിരഞ്ഞെടുപ്പു തോൽവികളുമായി ദുർബലമാണു സംസ്ഥാനത്തു പാർട്ടി. മോദിയുടെ തേരോട്ടത്തിനിടയിലും 77 സീറ്റുമായി 2017– ൽ പാർട്ടി ഇവിടെ പിടിച്ചു നിന്നു. എന്നാൽ, 2022–ൽ അതായിരുന്നില്ല സ്ഥിതി. 182 അംഗ നിയമസഭയിൽ 17 സീറ്റിലേക്കു ചുരുങ്ങി; 2017–നെ അപേക്ഷിച്ചു വോട്ടുവിഹിതം 27% ഇടിഞ്ഞു. പിന്നീട് എംഎൽഎമാരിൽ നല്ലൊരു പങ്കു പാർട്ടി വിട്ടു. ബദലായി ഉയർന്നുവരുന്ന ആംആദ്മി പാർട്ടി സംസ്ഥാനത്ത് 13% ആക്കി വോട്ടുവിഹിതം വർധിപ്പിച്ചു. ഗ്രാമമേഖലയിൽ കോൺഗ്രസിന്റെ ശക്തി ഇപ്പോഴും ചോർന്നിട്ടില്ല.ഗുജറാത്തിലെ ആറാം സമ്മേളനം ഗാന്ധിജി കോൺഗ്രസ് അധ്യക്ഷനായതിന്റെ 100–ാം വർഷം ആചരിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സബർമതി ആശ്രമത്തിൽ പ്രത്യേക പ്രാർഥനായോഗം സംഘടിപ്പിക്കുന്നത്. സർദാർ പട്ടേൽ സ്മാരകത്തിൽ പ്രവർത്തക സമിതി യോഗം ചേരുന്നത് സർദാർ പട്ടേലിന്റെ 150–ാം ജന്മവാർഷിക വർഷം എന്ന നിലയിൽ കൂടിയാണ്. ഗുജറാത്തിൽനിന്ന് കോൺഗ്രസിനെ ഏറ്റവും കൂടുതൽ കാലം നയിച്ച അധ്യക്ഷനാണ് പട്ടേൽ. ഗുജറാത്തിലെ ആറാം എഐസിസി സമ്മേളനമാണിത്. 1902,1907,1921,1938, 1964 എന്നീ വർഷങ്ങളിലായിരുന്നു മുൻ സമ്മേളനങ്ങൾ.
Source link