INDIA

മോഗ വ്യാജപീഡനക്കേസ്: പഞ്ചാബിൽ 2 എസ്പിമാർ ഉൾപ്പെടെ 4 പൊലീസ് ഉദ്യോഗസ്ഥർക്ക് തടവ്


ചണ്ഡിഗഡ് ∙ പഞ്ചാബിൽ വിവാദക്കൊടുങ്കാറ്റുയർത്തിയ മോഗ പീഡനക്കേസിൽ മുൻ സീനിയർ എസ്‌പി ദേവീന്ദർ സിങ് ഗർച്ച, എസ്‌പി പരംദീപ് സിങ് സന്ധു എന്നിവരുൾപ്പെടെ 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക സിബിഐ കോടതി 5 മുതൽ 8 വർഷം വരെ തടവുശിക്ഷ വിധിച്ചു. പ്രതികൾ 2–3 ലക്ഷം രൂപ വരെ പിഴയടയ്ക്കണമെന്നും ജഡ്ജി രാകേഷ് ഗുപ്ത വിധിച്ചു.മോഗ സിറ്റി പൊലീസ് സ്റ്റേഷനിൽ ഹൗസ് ഓഫിസറായിരുന്ന രാകേഷ് കുമാർ, ഇൻസ്പെക്ടർ അമർജിത് സിങ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട് മറ്റ് പൊലീസ് ഓഫിസർമാർ. അകാലിദൾ മുൻ മന്ത്രി സുഖ്‍രാജ് സിങ്, മകൻ ബർജിന്ദർ സിങ് എന്നിവർ ഉൾപ്പെടെ മറ്റു പ്രതികളെ കോടതി കുറ്റവിമുക്തരാക്കി.പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി സമ്പന്നരിൽനിന്ന് പ്രതികൾ പണം തട്ടിയെന്നാണ് കേസ്. 5 വർഷം തടവാണ് എസ്എസ്‍പിക്കും എസ്പിക്കും ലഭിച്ചത്. രാകേഷ് കുമാറിനും അമർജിത് സിങ്ങിനും 8 വർഷവും ആറര വർഷവും തടവാണ് ലഭിച്ചത്. കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി അമർജിത് സിങ് പണം ആവശ്യപ്പെടുന്നതായി കാട്ടി എഡിജിപിക്ക് 2007 ൽ ലഭിച്ച പരാതിയിൽനിന്നാണ് കേസിന്റെ തുടക്കം. ഹൈക്കോടതി നിർദേശത്തെ തുടർന്ന് കേസ് പിന്നീടു സിബിഐക്ക് കൈമാറി. മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെ പങ്ക് ഈ അന്വേഷണത്തിലാണ് കണ്ടെത്തിയത്.


Source link

Related Articles

Back to top button