KERALAM

ജാമ്യം തേടുന്ന വി.ഐ.പികൾ നടത്തുന്നത് മെഡിക്കൽ ടൂറിസം

കൊച്ചി: കോടതിയിൽ നൽകുന്ന ജാമ്യാപേക്ഷയിൽ ആരോഗ്യപ്രശ്നം ഉന്നയിക്കുന്ന വി.ഐ.പികൾ ഇഷ്ടാനുസരണം ആശുപത്രികളിൽ പ്രവേശിക്കുന്നത് പതിവായെന്ന് വിമർശിച്ച് ഹൈക്കോടതി. ജയിലിന് പുറത്ത് ചികിത്സ അനിവാര്യമാണെന്നു വാദിക്കുന്ന ഇവർ നടത്തുന്നത് മെഡിക്കൽ ടൂറിസമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വാക്കാൽ പറഞ്ഞു. പകുതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാറിന്റെ ജാമ്യഹർജി പരിഗണിക്കുമ്പോഴായിരുന്നു പരാമർശം.

ഹർജിക്കാരന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജയിലിന് പുറത്ത് ചികിത്സ ആവശ്യമാണെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഇത് കൃത്യമായി വിലയിരുത്താതെ ജാമ്യം നൽകുന്ന രീതി ഇനിയില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാരുമായി ചർച്ച ചെയ്തശേഷം നിലപാടറിയിക്കണമെന്ന് സ‌ർക്കാരിനോട് നിർദ്ദേശിച്ചു. ജാമ്യഹർജി ഇന്നത്തേക്ക് മാറ്റി.

സാമൂഹിക പ്രവർത്തകനായ ആനന്ദകുമാറിന് പകുതിവില തട്ടിപ്പിൽ പങ്കില്ലെന്നും പേരും ചിത്രവും ദുരുപയോഗം ചെയ്തതാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, കുഴപ്പം മനസിലാക്കിയ ഒരു റിട്ട.ജഡ്ജി, തന്റെ പേരും ചിത്രവും നീക്കം ചെയ്യാൻ ആരോപണം നേരിടുന്ന സംഘടനയോട് നിർദ്ദേശിച്ചിരുന്നു. ഹർജിക്കാരൻ ഇത് ചെയ്യാതിരുന്നതെന്തെന്ന് കോടതി ചോദിച്ചു.

പി.സി. ജോർജിനും

മുൻമന്ത്രിക്കും വിമർശനം

വിദ്വേഷ പരാമർശക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട പി.സി.ജോർജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതും പാലാരിവട്ടം പാലം അഴിമതിക്കേസിൽപ്പെട്ട മുൻമന്ത്രി ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയതും ഹൈക്കോടതി പരാമർശിച്ചു. ജാമ്യം കിട്ടി പുറത്തിറങ്ങിയ മുൻമന്ത്രി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരെ തയ്യാറായി. പി.സി. ജോർജിന് പിന്നീട് ജാമ്യം കിട്ടിയപ്പോൾ മകൻ പറഞ്ഞത്, പിതാവിന്റെ മെഡിക്കൽ പരിശോധനയെല്ലാം നടത്താൻ കഴിഞ്ഞതിന് പരാതിക്കാരനോട് നന്ദിയുണ്ടെന്നാണ്. സാധാരണയായി പിതാവ് ആശുപത്രിയിൽ പോകാറില്ലെന്നും പറഞ്ഞിരുന്നു. പി.സി.ജോർജിന്റെ മകൻ പറഞ്ഞത് പരോക്ഷമായി കോടതിയെ കൂടി ലക്ഷ്യമിട്ടാണെന്ന് ഹൈക്കോടതി വിമർശിച്ചു.


Source link

Related Articles

Back to top button