‘വീടെടുത്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു, ജ്യോതിഷിയെ കണ്ടതിനുശേഷം തങ്ങളെ അകറ്റി’; മുൻകൂർ ജാമ്യാപേക്ഷയുമായി സുകാന്ത്
കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. ഒളിവിൽ കഴിയവേയാണ് സുകാന്ത് ജാമ്യാപേക്ഷ നൽകിയത്. കേസിൽ താൻ നിരപരാധിയാണെന്നും ഉദ്യോഗസ്ഥയുടെ മരണത്തിൽ പങ്കില്ലെന്നുമാണ് സുകാന്ത് ജാമ്യാപേക്ഷയിൽ പറയുന്നത്.
ഒരു ഘട്ടത്തിലും ഐബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയിട്ടില്ല. സ്‌നേഹത്തോടെയും ബഹുമാനത്തോടെയും സുരക്ഷിതത്വം ഉറപ്പുവരുത്തിയുമാണ് എപ്പോഴും ഇടപഴകിയിട്ടുള്ളത്. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. സത്യസന്ധമായ സ്‌നേഹമാണ് എപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്. നിറഞ്ഞ പിന്തുണയും നൽകിയിരുന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെയും തീരുമാനങ്ങളെയും എപ്പോഴും അംഗീകരിച്ചിരുന്നു. മരണം ഏറ്റവുമധികം ബാധിക്കപ്പെട്ട ഒരാളാണ് താൻ.
വിവാഹക്കാര്യം അവർ വീട്ടുകാരെ അറിയിക്കുകയും തന്റെ മാതാപിതാക്കൾ അവരുടെ വീട്ടിലെത്തി സംസാരിക്കുകയും ചെയ്തു. ജ്യോതിഷിയുടെ അഭിപ്രായം തേടാനായിരുന്നു യുവതിയുടെ വീട്ടുകാരുടെ തീരുമാനം. ജ്യോതിഷിയെ കണ്ടതിനുശേഷം എന്താണ് പറഞ്ഞത് എന്നതുൾപ്പെടെ ഒരു കാര്യവും പറയാൻ അവരുടെ വീട്ടുകാർ തയ്യാറായില്ല. മാത്രമല്ല താനുമായി ബന്ധം പുലർത്തുന്നതിനെ എതിർക്കുകയും ചെയ്തു. മൊബൈൽ നമ്പർ പോലും ബ്ളോക്ക് ചെയ്യാൻ അവർ പറഞ്ഞു. എന്നാൽ തനിക്കൊപ്പം നിൽക്കാനാണ് യുവതി തീരുമാനിച്ചത്. ബന്ധം തുടരാൻ തീരുമാനിച്ച ഇരുവരും നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങി.
വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നതിൽ യുവതി വലിയ സമ്മർദ്ദത്തിലായിരുന്നു. യുവതി ഏതെങ്കിലും വിധത്തിൽ ആത്മഹത്യ ചെയ്തതാണെങ്കിൽ അതിന് പിന്നിൽ മാതാപിതാക്കൾ ഏൽപ്പിച്ച സമ്മർദ്ദവും വിഷമവുമാണ്. സ്‌നേഹം നിറഞ്ഞ പങ്കാളിയെ മാത്രമല്ല, അത്രമേൽ ഇഷ്ടപ്പെട്ട ഒരാളെയാണ് നഷ്ടപ്പെട്ടത്. സംശയത്തിന്റെ നിഴലിലേയ്ക്ക് തന്നെ ബോധപൂർവ്വം വലിച്ചിടുകയാണ്. മരണത്തിലേയ്ക്ക് നയിക്കുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അനാവശ്യമായി തന്നെ സംശയിക്കുകയാണെന്നും ജാമ്യാപേക്ഷിൽ സുകാന്ത് പറയുന്നു.
Source link