പ്ലാവില തൊപ്പി ധരിച്ച് വനിത സി.പി.ഒ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: സങ്കടവും പ്രതിഷേധവും ആർത്തലച്ച് വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്കുകാരായ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം ഏഴാം ദിവസത്തിലേക്ക്. പ്ലാവില കൊണ്ട് പൊലീസിന്റെ പ്രതീകാത്മക തൊപ്പിയണിഞ്ഞും റിബൺ കൊണ്ട് പരസ്പരം ചങ്ങല പോലെ കൈ-കാൽ കെട്ടി നിരന്നു നിന്നും ഉദ്യോഗാർത്ഥികൾ ഇന്നലെ സമരത്തിന് പുതിയ മുഖം നൽകി. ഞായറാഴ്ച ഇവർ ഉപ്പിന് മുകളിൽ മുട്ടുകാലിൽ പ്രതിഷേധിച്ചും നിരാഹാരം കിടന്നും തങ്ങളുടെ അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിൽ ഉറച്ചു നിന്നിരുന്നു. നിരാഹരത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം വന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിച്ചിരുന്ന ഹനീന,നിമിഷ,ബിനുസ്മിത എന്നിവരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ തൃശൂർ സ്വദേശിനി ആതിര,പാലക്കാട് സ്വദേശിനി മേഘ എന്നിവരാണ് നിരാഹാരം അനുഷ്ഠിച്ചത്. റാങ്ക് ലിസ്റ്റ് കാലാവധി 19ന് അവസാനിക്കാനിരിക്കെ ലിസ്റ്റിൽ 967 പേരുണ്ടെങ്കിലും നിലവിലെ ഒഴിവുകൾ 232 മാത്രമെന്ന സർക്കാർ കണക്കാണ് ഉദ്യോഗാർത്ഥികൾ ചോദ്യം ചെയ്യുന്നത്. ഇതുവരെയും സമരപ്പന്തലിൽ തങ്ങളെ കാണാൻ ആരുമെത്താത്തതിലും സർക്കാർ ചർച്ചയ്ക്ക് ക്ഷണിക്കാത്തതിലുമുണ്ട് ഇവർക്ക് വിഷമം.
Source link